ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴയും പ്രളയവും

 

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴയും പ്രളയവും തുടരുന്നു. അസമിലെ പ്രളയത്തിൽ മരണസംഖ്യ 97 ആയി ഉയർന്നു. പോഷകനദികൾ കരകവിഞ്ഞതോടെ പത്തുലക്ഷത്തിലധികം ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ഉത്തരാഖണ്ഡിൽ അളകനന്ദ, മന്ദാകിനി നദികൾ അപകടനില കടന്ന് ഒഴുകുകയാണ്. തിൽവാരയിലുണ്ടായ വൻ മണ്ണിടിച്ചിലിനെ തുടർന്ന് കേദാർനാഥ് ഹൈവേയിലെ ഗതാഗതം തടസ്സപ്പെടുകയും തീർത്ഥാടനം താത്കാലികമായി നിർത്തിവെക്കുകയും ചെയ്തു.

സിക്കിം, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലും ശക്തമായ മഴയിൽ മണ്ണിടിച്ചിലുണ്ടായി. രാജ്യതലസ്ഥാനമായ ഡൽഹിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ഡൽഹിയിൽ വെള്ളക്കെട്ടിൽ വീണ മൂന്ന് വിദ്യാർത്ഥികളെ നാട്ടുകാർ രക്ഷപ്പെടുത്തി. ബിജ്വാസനിൽ ഓടയിൽ വീണ് കാണാതായ ആൾക്കായി തിരച്ചിൽ തുടരുകയാണ്.

ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ബീഹാർ, പശ്ചിമ ബംഗാൾ അടക്കമുള്ള വിവിധ സംസ്ഥാനങ്ങൾക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സാഹചര്യം നേരിടാൻ ദുരന്തനിവാരണ സേനയും കൺട്രോൾ റൂമുകളും സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.