എല്‍പിജി സിലിണ്ടറിനായി വരിനില്‍ക്കവേ ഹൃദയാഘാതം; 70 കാരന്‍ മരിച്ചു
ഗര്‍ഹി ഖാന്‍ ഖാന പ്രദേശത്ത് താമസിക്കുന്നയാളാണ് മരിച്ചത്.
നീണ്ട നിരയായിരുന്നു ഗ്യാസ് സിലിണ്ടറിനായി ഉണ്ടായിരുന്നത്.
ഉത്തര്‍പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ വാങ്ങാന്‍ വരി നില്‍ക്കുന്നതിനിടെ ഹൃദയാഘാതം വന്ന് ഒരാള്‍ മരിച്ചു. 70 വയസ് പ്രായമുള്ള മുഖ്തിയാര്‍ അഹമ്മദ് എന്നയാളാണ് മരിച്ചത്. ഫാറൂഖാബാദ് ജില്ലയിലെ ഒരു ഗ്യാസ് ഏജന്‍സിക്ക് മുന്‍പിലായിരുന്നു സംഭവം.
ഗര്‍ഹി ഖാന്‍ ഖാന പ്രദേശത്ത് താമസിക്കുന്നയാളാണ് മരിച്ചത്. നീണ്ട നിരയായിരുന്നു ഗ്യാസ് സിലിണ്ടറിനായി ഉണ്ടായിരുന്നത്. ഇതിനിടെ മുഖ്തിയാര്‍ അഹമ്മദിന് നെഞ്ചുവേദന അനുഭവപ്പെട്ടു. കൂടെ വരിനിന്നവര്‍ സിപിആറും മറ്റും നല്‍കി രക്ഷപ്പെടുത്താന്‍ നോക്കുകയും അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തെങ്കിലും ആള്‍ മരിക്കുകയായിരുന്നു.
ഗ്യാസ് സിലിണ്ടറിനായി രണ്ടാം ദിവസം വരിനില്‍ക്കുമ്പോഴാണ് മുഖ്തിയാര്‍ അഹമ്മദിന് നെഞ്ചുവേദന അനുഭവപ്പെടുന്നത്. തലേദിവസം മുഖ്തിയാര്‍ അഹമ്മദ് സിലിണ്ടറിനായി വരിനിന്നെങ്കിലും ലഭിച്ചില്ല. ഒരു സ്ലിപ് നല്‍കി അടുത്ത ദിവസം വരാനാണ് അധികൃതര്‍ പറഞ്ഞത്. ഇതനുസരിച്ചാണ് മുഖ്തിയാര്‍ അഹമ്മദ് സിലിണ്ടറിനായി വരിനിന്നത്.
ഒരുപാട് സമയം വരിനിന്നത് മൂലമാണ് മുഖ്തിയാര്‍ അഹമ്മദിന് ഹൃദയാഘാതം സംഭവിച്ചത് എന്ന വാദത്തിനെതിരെ ഫാറൂഖാബാദ് ജില്ലാ സപ്പ്‌ളൈ ഓഫിസര്‍ സുരേന്ദ്ര യാദവ് രംഗത്തുവന്നു. മുഖ്തിയാര്‍ അഹമ്മദ് നേരത്തെ സിലിണ്ടര്‍ ബുക്ക് ചെയ്തിരുന്നുവെന്നും അത് എടുക്കുക മാത്രമാണ് അദ്ദേഹത്തിന് വേണ്ടിയിരുന്നത് എന്നും സുരേന്ദ്ര യാദവ് പറഞ്ഞു.