17 ദിവസം പിന്നിട്ട് സോനം വാങ്ചുക്കിന്റെ നിരാഹാര സമരം ; ആരോഗ്യനില വഷളായെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും പരിസ്ഥിതി പ്രവർത്തകനുമായ സോനം വാങ്ചുക്ക് ഡൽഹിയിലെ ജന്തർ മന്തറിൽ നടത്തിവരുന്ന നിരാഹാര സമരം 17 ദിവസം പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ ആരോഗ്യ ബുള്ളറ്റിൻ പ്രകാരം, വാങ്ചുക്കിന്റെ ശരീരഭാരം 8.25 കിലോ കുറഞ്ഞു. രക്തത്തിലെ പഞ്ചസാരയുടെ അളവ് തുടർച്ചയായി 70-ൽ താഴെയാണ്. നിരന്തരമായ തലകറക്കം, കടുത്ത പേശിക്ഷയം, പ്രകടമായ ശാരീരിക ബലഹീനത എന്നിവ അദ്ദേഹം അനുഭവിക്കുന്നുണ്ട്.
അദ്ദേഹത്തിന്റെ വാരിയെല്ലുകൾ ഇപ്പോൾ വ്യക്തമായി കാണാൻ സാധിക്കുന്നുവെന്നും സമരക്കാർ അറിയിച്ചു. എന്നാൽ സമരത്തെ കണ്ടില്ലെന്ന് നടിക്കുകയാണ് സർക്കാർ. നീറ്റ് പരീക്ഷാപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന സമരത്തിലാണ് വാങ്ചുക്ക് 17 ദിവസമായി ജന്തർ മന്തറിൽ നിരാഹാരമിരിക്കുന്നത്. സമരം തുടരുമ്പോഴും കേന്ദ്ര സർക്കാർ ചർച്ചകൾക്കായി ഒരു പ്രതിനിധിയെ പോലും അയച്ചിട്ടില്ല.
"പുറമെ ഞാൻ ദുർബലനാണ്, പക്ഷേ ഉള്ളിൽ ഞാൻ ശക്തനാണ്," എന്ന് വാങ്ചുക്ക് തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ആക്ഷേപഹാസ്യ പ്രസ്ഥാനമായ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജിത് ദിപ്കെയുടെ നേതൃത്വത്തിലാണ് സമരം ആരംഭിച്ചത്. പേപ്പർ ചോർച്ചയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം. ശിവസേന (യു.ബി.ടി) നേതാവ് ഉദ്ധവ് താക്കറെ, ഡി.എം.കെ എം.പി കനിമൊഴി എന്നിവരുൾപ്പെടെ നിരവധി പേർ വാങ്ചുക്കിനോട് നിരാഹാര സമരം അവസാനിപ്പിക്കാൻ അഭ്യർഥിച്ചു.
വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച കനിമൊഴി, രാജ്യത്തിന് അദ്ദേഹത്തെ ആവശ്യമുണ്ടെന്നും സമരം നിർത്തണമെന്നും ആവശ്യപ്പെട്ടു. വാങ്ചുക്കിന്റെ ആരോഗ്യനില വഷളായെന്ന വാർത്തകളിൽ അങ്ങേയറ്റം ആശങ്കയുണ്ട്. അദ്ദേഹത്തിന്റെ നിരാഹാരം അദ്ദേഹത്തിന്റെ ബോധ്യങ്ങളുടെയും വിദ്യാർഥികളുടെ ഭാവിയെക്കുറിച്ചുള്ള ആഴമേറിയ ആശങ്കയുടെയും തെളിവാണ്. നീറ്റ് പരീക്ഷയുടെ വിശ്വാസ്യതയെക്കുറിച്ച് അദ്ദേഹം ഉയർത്തിയ ഗൗരവകരമായ ചോദ്യങ്ങളും ഉത്തരവാദിത്തം സംബന്ധിച്ച ആവശ്യങ്ങളും കേന്ദ്ര ബി.ജെ.പി സർക്കാർ ആത്മാർഥതയോടെ അഭിസംബോധന ചെയ്യണം.
എന്നാൽ വാങ്ചുക്കിനെപ്പോലുള്ളവരുടെ ശബ്ദം ഈ രാജ്യത്തിന് ആവശ്യമാണ്. അതിനാൽ അദ്ദേഹം നിരാഹാര സമരം അവസാനിപ്പിക്കണമെന്നും അവർ അഭ്യർഥിച്ചു. നീതിക്കുവേണ്ടിയുള്ള പോരാട്ടം ഉറച്ച തീരുമാനത്തോടെ തുടരണം, പക്ഷേ അത് അദ്ദേഹത്തിന്റെ ആരോഗ്യത്തിന് ഭീഷണിയാകരുതെന്നും കനിമൊഴി എക്സിൽ കുറിച്ചു.