ഭാര്യയുടെ വാട്സ്ആപ്പ് മെസേജ് കണ്ടു ഞെട്ടി ; ഭര്‍ത്താവിനെ കൊലപ്പെടുത്തി മരണം റോഡപകടമാക്കി മാറ്റാന്‍ കാമുകനുമായി പദ്ധതിയിട്ട യുവതിയും സുഹൃത്തും ഒളിവില്‍
ഭാര്യയുടെ വാട്സ്ആപ്പ് മെസേജ് കണ്ടു ഞെട്ടി ; ഭര്‍ത്താവിനെ കൊലപ്പെടുത്തി മരണം റോഡപകടമാക്കി മാറ്റാന്‍ കാമുകനുമായി പദ്ധതിയിട്ട യുവതിയും സുഹൃത്തും ഒളിവില്‍
റോഡപകടം പോലെ തോന്നിപ്പിച്ച് കൊലപ്പെടുത്തണമെന്നുമാണ് യുവതി ആവശ്യപ്പെട്ടത്.
ഭര്‍ത്താവിനെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ കൊലപ്പെടുത്തിയാല്‍ ഒരുമിച്ച് ജീവിക്കാമെന്ന് ഭവാനി കാമുകനോട് പറയുന്ന സന്ദേശങ്ങളാണ് കണ്ടെത്തിയത്.
ഭര്‍ത്താവിനെ കൊലപ്പെടുത്തി മരണം റോഡപകടമാക്കി മാറ്റാന്‍ കാമുകനുമായി പദ്ധതിയിട്ട യുവതിയും സുഹൃത്തും ഒളിവില്‍. സംഭവത്തില്‍ ഭാര്യ ഭവാനിക്കും കൊറിയര്‍ ഡെലിവറി ഏജന്റായ സൈദുലുവിനുമെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തെലങ്കാന ഖമ്മമിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ജി. രാജേശ്വര റാവു നല്‍കിയ പരാതിയിലാണ് നടപടി.
സൂര്യപേട്ട് ജില്ലയിലെ രാഘവപുരം സ്വദേശിനിയായ ഭവാനിയെ 2016-ലാണ് പരാതിക്കാരനായ ഗഡെ രാജേശ്വര റാവു വിവാഹം കഴിച്ചത്. ഈ ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളുമുണ്ട്.
കഴിഞ്ഞ ജൂലൈ 27-ന് ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയ റാവു ഭാര്യയെ മറ്റൊരു വ്യക്തിയോടൊപ്പം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പിറ്റേദിവസം ഇതേയാള്‍ തന്നെ പിന്തുടരുന്നതായി ശ്രദ്ധയില്‍പ്പെട്ടെങ്കിലും, നേരിടാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഖമ്മത്തിലെ കൊറിയര്‍ ജീവനക്കാരനായ പുരിമെത്‌ല സൈദുലുവുമായി ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്നും, താന്‍ ഇല്ലാത്തപ്പോള്‍ ഇയാള്‍ വീട്ടില്‍ പതിവായി വരാറുണ്ടായിരുന്നെന്നും വ്യക്തമായതെന്ന് രാജേശ്വര റാവു പൊലീസിനെ അറിയിച്ചു.
തുടര്‍ന്ന് ഭവാനിയും സൈദുലുവും തമ്മിലുള്ള വാട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം ചാറ്റ് സന്ദേശങ്ങളും സ്‌ക്രീന്‍ഷോട്ടുകളും ഇദ്ദേഹത്തിന് ലഭിച്ചു. ഭര്‍ത്താവിനെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ കൊലപ്പെടുത്തിയാല്‍ ഒരുമിച്ച് ജീവിക്കാമെന്ന് ഭവാനി കാമുകനോട് പറയുന്ന സന്ദേശങ്ങളാണ് കണ്ടെത്തിയത്. എന്നാല്‍ കൊലപാതകം വീടിനുള്ളില്‍ വെച്ചായാല്‍ സംശയം തന്നിലേക്ക് നീളുമെന്നും, പകരം റോഡപകടം പോലെ തോന്നിപ്പിച്ച് കൊലപ്പെടുത്തണമെന്നുമാണ് യുവതി ആവശ്യപ്പെട്ടത്. ഭര്‍ത്താവിനെ വധിച്ചില്ലെങ്കില്‍ താന്‍ സ്വയം അതുചെയ്യുമെന്നും ചാറ്റില്‍ വ്യക്തമാക്കുന്നുണ്ട്.
തനിക്കും രണ്ട് പെണ്‍മക്കള്‍ക്കും ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് രാജേശ്വര റാവു ഡോര്‍ണക്കല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.