പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ നിര്‍ബന്ധിച്ചു; അച്ഛന്റെ വെട്ടിമാറ്റിയ തലയുമായി യുവാവ് വണ്ടിയോടിച്ചത് 21 കിലോമീറ്റര്‍

 

തെളിവുകള്‍ ഇല്ലാതാക്കാന്‍ കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കുഴിയെടുത്തു കുഴിച്ചിട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

സംശയം തോന്നാതിരിക്കാന്‍ മൃതദേഹത്തിലെ കൈകളും കാലുകളും വ്യത്യസ്ത സ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി

നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കാനായി നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയ പിതാവിനെ മകന്‍ കൊലപ്പെടുത്തിയ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ലക്നൗവിലെ ബിസിനസുകാരനായ മന്‍വേന്ദ്ര സിങിനെയാണ് 21 വയസുകാരനായ മകന്‍ അക്ഷത് കൊലപ്പെടുത്തിയത്. മന്‍വേന്ദ്ര സിങിന്റെ വെട്ടിമാറ്റിയ തല കാറില്‍ കയറ്റി വീട്ടില്‍ നിന്ന് ഏകദേശം 21 കിലോമീറ്റര്‍ അകലെയാണ് ഉപേക്ഷിച്ചത്. സംശയം തോന്നാതിരിക്കാന്‍ മൃതദേഹത്തിലെ കൈകളും കാലുകളും വ്യത്യസ്ത സ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. തെളിവുകള്‍ ഇല്ലാതാക്കാന്‍ കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കുഴിയെടുത്തു കുഴിച്ചിട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചില മൃതദേഹ ഭാഗങ്ങള്‍ വീട്ടിനകത്ത് ഒരു ഡ്രമ്മില്‍ സൂക്ഷിക്കുകയും ചെയ്തു.

ഫെബ്രുവരി 20 ന് നീറ്റ് പരീക്ഷയ്ക്ക് പഠിക്കാനായി മന്‍വേന്ദ്ര മകനോട് ആവശ്യപ്പെട്ടു. ഇതിന്റെ പേരില്‍ നടന്ന തര്‍ക്കം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് മകന്‍ പിതാവിന്റെ തലയില്‍ വെടിവെയ്ക്കുകയായിരുന്നു. പിതാവ് തല്‍ക്ഷണം മരിച്ചു. അക്ഷതിന്റെ സഹോദരി കൊലപാതകത്തിന് സാക്ഷിയാണ്.

വെടിയൊച്ച കേട്ട് അക്ഷതിന്റെ സഹോദരി കൃതി മുറിയില്‍ നിന്ന് പുറത്തേക്ക് ഓടിയെന്നും കൊലപാതക വിവരങ്ങള്‍ പുറത്ത് പറയരുതെന്നും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് അക്ഷത് ഭീഷണിപ്പെടുത്തിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊലയ്ക്ക് ശേഷം മൃതദേഹം ഒരു ഡ്രമ്മിനുള്ളില്‍ വെയ്ക്കാന്‍ അക്ഷത് ശ്രമിച്ചിരുന്നു. എന്നാല്‍ ശരീരം ഡ്രമ്മിനുള്ളില്‍ കൊളളാതെ വന്നപ്പോള്‍ കൈകളും കാലുകളും ഒരു വാള്‍ ഉപയോഗിച്ച് മുറിച്ചുമാറ്റിയെന്നും പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

ബിസിനസുകാരനായ മന്‍വേന്ദ്ര സിങിന് ലഖ്നൗവില്‍ നാല് പാത്തോളജി ലബോറട്ടറികളും മൂന്ന് മദ്യശാലകളും ഉള്‍പ്പെടെ ഒരു വലിയ ബിസിനസ് ശൃംഖലയാണ് ഉള്ളത്. ഇത്തരം സംരംഭം ഉണ്ടായിട്ടും ബിസിനസ്സിലേക്ക് കടക്കുന്നതിന് പ്രഥാമിക വിദ്യാഭ്യാസവും പ്രൊഫഷണല്‍ യോഗ്യതകളും അത്യാവശ്യമാണെന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. എന്നാല്‍ കൂടുതല്‍ പഠനങ്ങളില്ലാതെ ബിസിനസിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ അക്ഷത് ആഗ്രഹിച്ചിരുന്നുവെന്നും അതിനെ ചൊല്ലി മകനുമായി തര്‍ക്കം നടക്കാറുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഭാര്യ മരിച്ച ശേഷം മകന്‍ ഒരു ഡോക്ടറാകുന്നത് കാണാനാണ് മന്‍വേന്ദ്ര ആഗ്രഹിച്ചിരുന്നതെന്നും ബന്ധുക്കള്‍ പറയുന്നു.

നീറ്റ് പരീക്ഷയില്‍ വിജയിക്കാന്‍ വര്‍ഷങ്ങളായി സമ്മര്‍ദ്ദം ചെലുത്തിയതാണ് കൊലപാതക കാരണമെന്ന് അക്ഷത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു. ഫെബ്രുവരി 20 മുതല്‍ മാനവേന്ദ്ര പ്രസാദിനെ കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം പുരോഗമിക്കവെ മകനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതക വിവരം പുറത്തുവന്നത്.