ഹൃദയാഘാതമെന്ന പേരില്‍ സംസ്‌കരിച്ചു ; സംശയം ഉയര്‍ന്നതോടെ തെളിഞ്ഞത് കൊലപാതകം ; രണ്ടുകോടി ഇന്‍ഷുറന്‍സ് തട്ടാനുള്ള ഭാര്യയുടെ ക്രൂരത

ആശുപത്രി ജീവനക്കാരനെ ചോദ്യം ചെയ്തതോടെ ആസൂത്രിത കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു

 

അപ്രതീക്ഷിത മരണത്തില്‍ സംശയം തോന്നിയ ചിലര്‍ പൊലീസില്‍ വിവരമറിയിച്ചതോടെയാണ് വിശദമായ അന്വേഷണം നടന്നത്.

കര്‍ണാടകയിലെ ബെലഗാവിയില്‍ ഇന്‍ഷുറന്‍സ് തുകയായ രണ്ട് കോടി രൂപ തട്ടിയെടുക്കാന്‍ ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി. ആണ്‍ സുഹൃത്തിന്റെയും ആശുപത്രി ജീവനക്കാരന്റെയും സഹായത്തോടെയായിരുന്നു കൊലപാതകം. ബെലഗാവി യമക്കനമാറാഡിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചെന്ന് കരുതിയിരുന്ന മുന്‍ സൈനികന്‍ സന്ദീപ് മഞ്ചാരഗിയെ കൊലപ്പെടുത്തി എന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ഹുക്കേരിയില്‍ നിന്ന് മടങ്ങവേ സന്ദീപിന് വാഹനാപകടത്തില്‍ പരിക്കേറ്റിരുന്നു. സന്ദീപിന് നിസാര പരിക്കുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ഭാര്യ സുമയും അവരുടെ സുഹൃത്ത് ദോംബാര്‍ എന്നയാളും ചേര്‍ന്ന് സന്ദീപിനെ ആസൂത്രിതമായി കൊലപ്പെടുത്തി എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഗാട്ടപ്രഭയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സന്ദീപിന്, ഡിസ്ചാര്‍ജ് ചെയ്യുന്നതിന് തൊട്ടുമുന്‍പ് അവിടത്തെ ജീവനക്കാരനെ സ്വാധീനിച്ച് സുമയും കൂട്ടുകാരനും വിഷം നല്‍കിയെന്നാണ് പൊലീസ് കണ്ടെത്തല്‍. വീട്ടിലെത്തി വൈകാതെ സന്ദീപ് മരിച്ചു. ഇത് ഹൃദയാഘാതത്തെ തുടര്‍ന്നാണെന്നാണ് സുമ എല്ലാവരെയും വിശ്വസിപ്പിച്ചത്. സംസ്‌കാരവും നടത്തി.

എന്നാല്‍ അപ്രതീക്ഷിത മരണത്തില്‍ സംശയം തോന്നിയ ചിലര്‍ പൊലീസില്‍ വിവരമറിയിച്ചതോടെയാണ് വിശദമായ അന്വേഷണം നടന്നത്. റീ പോസ്റ്റ് മോര്‍ട്ടത്തില്‍ വിഷം ഉള്ളില്‍ ചെന്നതായി കണ്ടെത്തി. ഇതോടെയാണ് ഭാര്യയിലേക്ക് സംശയം നീണ്ടത്. ആശുപത്രി ജീവനക്കാരനെ ചോദ്യം ചെയ്തതോടെ ആസൂത്രിത കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. ഇതോടെയാണ് പൊലീസ് സുമ, ആണ്‍ സുഹൃത്ത് ദോംബാര്‍, ആശുപത്രി ജീവനക്കാരന്‍ എന്നിവരെ അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിന്റെ മരണ ശേഷം സംശയം ഉണ്ടാവാതിരിക്കാന്‍ ബുദ്ധിപരമായാണ് സുമ നീങ്ങിയിരുന്നത്. സന്ദീപിന്റെ പേരിലുള്ള രണ്ട് കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുകയായിരുന്നു ഇവരുടെ ഉദ്ദേശ്യമെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ കോടതിയില്‍ ഹാജരാക്കി.