തന്റെ കാമുകിയും സഹോദരനും ചേര്‍ന്ന് തന്നെയും പിതാവ് ലാലുപ്രസാദ് യാദവിനെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു ; പരാതിയുമായി തേജ് പ്രതാപ് യാദവ്

ആകാശ് യാദവും അനുഷ്‌കയുടെ കുടുംബവും പ്രതിപക്ഷവുമായി ഒത്തുകളിച്ചാണ് ഈ ഗൂഢാലോചന നടത്തുന്നതെന്ന് തേജ് പ്രതാപ് യാദവ് മാധ്യമങ്ങളോട് പറഞ്ഞു.

 

കാമുകി അനുഷ്‌ക യാദവ്, അവളുടെ സഹോദരന്‍ ആകാശ് യാദവ് എന്നിവരുള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ തേജ് പ്രതാപ് യാദവ് പട്‌നയിലെ സചിവാലയ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി

തന്റെ കാമുകിയും സഹോദരനും ചേര്‍ന്ന് തന്നെയും പിതാവ് ലാലുപ്രസാദ് യാദവിനെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടെന്ന ഗുരുതര ആരോപണവുമായി ജെജെഡി പ്രസിഡന്റ് തേജ് പ്രതാപ് യാദവ്. കാമുകി അനുഷ്‌ക യാദവ്, അവളുടെ സഹോദരന്‍ ആകാശ് യാദവ് എന്നിവരുള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ തേജ് പ്രതാപ് യാദവ് പട്‌നയിലെ സചിവാലയ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കേസില്‍ ഉള്‍പ്പെട്ടവരെല്ലാം അനുഷ്‌കയുടെ കുടുംബാംഗങ്ങളാണ്. മുന്‍പ് ആര്‍ജെഡി വിദ്യാര്‍ത്ഥി വിഭാഗം നേതാവും തേജ് പ്രതാപിന്റെ സഹായിയുമായിരുന്ന ആകാശ് യാദവില്‍ നിന്ന് തനിക്ക് നേരിട്ട് വധഭീഷണി ഉണ്ടായതായി തേജ് പ്രതാപ് യാദവ് ആരോപിച്ചു.
നിലവില്‍ തന്റെ പിതാവ് ലാലു പ്രസാദ് യാദവ് അസുഖബാധിതനാണ്. ഈ സാഹചര്യം മുതലെടുത്ത് തങ്ങളെ രണ്ടുപേരെയും വധിക്കാനാണ് അനുഷ്‌കയും ആകാശും ചേര്‍ന്ന് ഗൂഢാലോചന നടത്തുന്നത്. കഴിഞ്ഞ ദിവസം നാല് പേര്‍ തന്റെ വസതിയിലേക്ക് ബലമായി അതിക്രമിച്ചു കയറിയതായും, അവരെ പിടികൂടാന്‍ ശ്രമിച്ചപ്പോഴേക്കും അവര്‍ ഓടി രക്ഷപ്പെട്ടതായും തേജ് പ്രതാപ് വ്യക്തമാക്കി. ഈ സംഭവം തന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ആകാശ് യാദവും അനുഷ്‌കയുടെ കുടുംബവും പ്രതിപക്ഷവുമായി ഒത്തുകളിച്ചാണ് ഈ ഗൂഢാലോചന നടത്തുന്നതെന്ന് തേജ് പ്രതാപ് യാദവ് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ തുടക്കം മുതല്‍ ഇവര്‍ ശ്രമിക്കുന്നുണ്ടെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ സചിവാലയ് പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.