ഇന്‍ഞ്ചക്ഷന്‍ പേടി മൂലം പേ വിഷബാധയ്ക്കുള്ള കുത്തിവെയ്പ്പ് എടുത്തില്ല ; നാലാം ക്ലാസുകാരി മരിച്ചു

മുത്തശ്ശനോടൊപ്പം നടക്കാനിറങ്ങിയപ്പോഴാണ് കാഷിഷ് സഹാനിയെ തെരുവ് നായ മാന്തിയത്.

 

ആറുമാസങ്ങള്‍ക്കിപ്പുറമാണ് കുട്ടിക്ക് മരണം സംഭവിച്ചത്.

പേടിമൂലം കുത്തിവെയ്പ്പ് എടുക്കാതിരുന്ന 9 വയസുകാരിക്ക് പേ വിഷബാധയേറ്റ് ദാരുണാന്ത്യം. മുംബൈയിലാണ് കുടുംബത്തിന്റെ അനാസ്ഥ മൂലം 4ാം ക്ലാസുകാരിയായ കാഷിഷ് സഹാനിക്ക് ജീവന്‍ നഷ്ടമായത്. നായ മാന്തിയിട്ടും പേ വിഷബാധയ്ക്കുള്ള പ്രതിരോധക്കുത്തിവയ്പ്പെടുക്കാന്‍ കുട്ടി സമ്മതിച്ചില്ല. തുടര്‍ന്ന് ആറുമാസങ്ങള്‍ക്കിപ്പുറമാണ് കുട്ടിക്ക് മരണം സംഭവിച്ചത്.

മുത്തശ്ശനോടൊപ്പം നടക്കാനിറങ്ങിയപ്പോഴാണ് കാഷിഷ് സഹാനിയെ തെരുവ് നായ മാന്തിയത്. ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും പേ വിഷബാധയ്ക്കുള്ള കുത്തിവെയ്പ്പ് എടുക്കാന്‍ കുട്ടി സമ്മതിച്ചില്ല. കുത്തിവെയ്പ്പിനോടുള്ള കുട്ടിയുടെ അമിത ഭയം മൂലം കുടുംബം കുട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങി വാക്സിന്‍ എടുക്കാതെ തിരികെ പോരുകയായിരുന്നു. നായയില്‍ നിന്നേറ്റ പോറല്‍ അധികം വൈകാതെ തന്നെ സുഖപ്പെട്ടതിനാല്‍ തുടര്‍ ചികിത്സയ്ക്ക് വീട്ടുകാരും കുട്ടിയെ നിര്‍ബന്ധിച്ചില്ല. ആറു മാസത്തിന് ശേഷം കുട്ടിയില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. കുട്ടി ആഹാരം കഴിക്കാതെയും വെള്ളം കുടിക്കാതെയുമായി. കണ്ണുകള്‍ ചുവപ്പു നിറമായി. കുട്ടിയുടെ ആരോഗ്യം വളരെ മോശമായതോടെ കുടുംബം ആശുപത്രിയിലെത്തിച്ചപ്പോഴാണ് പേ വിഷബാധയുടെ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞത്. വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.