രസഗുളയെന്ന് പറഞ്ഞ് അയല്‍വാസി കൊടുത്ത നാടന്‍ ബോംബ് കഴിച്ചു; മധ്യപ്രദേശില്‍ യുവാവിന് ദാരുണാന്ത്യം

കാട്ടുപന്നികളെ കൊല്ലാന്‍ ഉപയോഗിക്കുന്ന നാടന്‍ബോംബാണ് യുവാവ് അബദ്ധത്തില്‍ കടിച്ചത്. 

 

യുവാവിന് രസഗുളയെന്ന് പറഞ്ഞ് ബോംബ് നല്‍കിയ അയല്‍വാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രസഗുളയെന്ന് കരുതി നാടന്‍ ബോംബ് കഴിച്ച യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലാണ് സംഭവം. യുവാവിന് രസഗുളയെന്ന് പറഞ്ഞ് ബോംബ് നല്‍കിയ അയല്‍വാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാട്ടുപന്നികളെ കൊല്ലാന്‍ ഉപയോഗിക്കുന്ന നാടന്‍ബോംബാണ് യുവാവ് അബദ്ധത്തില്‍ കടിച്ചത്. 

പഡാരിയ ഛാന്ത ഗ്രാമത്തിലെ രാജേന്ദ്ര ബറോട്ടിയ എന്നയാളാണ് കൊല്ലപ്പെട്ടത്. ഡിന്‍ഡോരി ജില്ലയിലെ ഗ്രാമത്തില്‍ ഇന്നലെയാണ് സംഭവം നടന്നത്. ഭക്ഷണം കഴിച്ച ശേഷം വീടിന് മുന്നില്‍ വിശ്രമിക്കുകയായിരുന്നു രാജേന്ദ്ര. ഇത് കണ്ട് അയല്‍വാസി രാം ഭാഗത്ത് ബറോട്ടിയ അടുത്തെത്തുകയും രസഗുളയെന്ന് പറഞ്ഞ് ബോംബ് കൈമാറിയെന്നുമാണ് പൊലീസ് പറയുന്നത്. ഉടനടി ബോംബ് കൈയിലെടുത്ത് രാജേന്ദ്ര വായിലിടുകയും ഉഗ്ര ശബ്ദത്തോടെ ബോംബ് പൊട്ടുകയുമായിരുന്നു.

ഗുരുതരമായി പരുക്കേറ്റ രാജേന്ദ്രയെ വീട്ടുകാര്‍ ഉടനടി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ഇദ്ദേഹം മരണപ്പെടുകയായിരുന്നു.