52 തവണ ക്ഷമ പറഞ്ഞിട്ടും കേട്ടില്ല, സസ്‌പെന്‍ഡ് ചെയ്യുമെന്നും മെഡലുകള്‍ തിരിച്ചെടുക്കുമെന്നും ഭീഷണിപ്പെടുത്തി ; മൂന്നാം നിലയില്‍ നിന്ന് ചാടിയ എട്ടാം ക്ലാസുകാരന്റെ നില ഗുരുതരം
ഭയത്തിലും നിരാശയിലുമായിരുന്നു കുട്ടി. ഏകദേശം 52 തവണ 'ക്ഷമിക്കണം' എന്ന് കുട്ടി ആവര്‍ത്തിച്ചു.
സ്‌കൂള്‍ അധികൃതര്‍ പറയുന്നത് എട്ടാം ക്ലാസുകാരന്‍ വ്യാഴാഴ്ച മൊബൈല്‍ ഫോണ്‍ സ്‌കൂളില്‍ കൊണ്ടുവന്നു എന്നാണ്.
സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച എട്ടാം ക്ലാസ്സുകാരന്റെ നില ഗുരുതരം. വിദ്യാര്‍ത്ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മധ്യപ്രദേശിലെ രത്ലാമിലെ ഡോംഗ്രെ നഗറിലെ സ്‌കൂളിലാണ് സംഭവം നടന്നത്.
സ്‌കൂള്‍ അധികൃതര്‍ പറയുന്നത് എട്ടാം ക്ലാസുകാരന്‍ വ്യാഴാഴ്ച മൊബൈല്‍ ഫോണ്‍ സ്‌കൂളില്‍ കൊണ്ടുവന്നു എന്നാണ്. ക്ലാസ് മുറിയിലെ വീഡിയോ റെക്കോര്‍ഡ് ചെയ്തു, അത് പിന്നീട് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തെന്നും പറയുന്നു. കുട്ടി സ്‌കൂള്‍ നിയമങ്ങള്‍ ലംഘിച്ചെന്ന് പറഞ്ഞ് മാതാപിതാക്കളെ വിളിച്ചുവരുത്തി. പിന്നാലെയാണ് വിദ്യാര്‍ത്ഥി ചാടി മരിക്കാന്‍ ശ്രമിച്ചത്.
തുടര്‍ന്ന് പൊലീസ് സ്‌കൂളിലെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോള്‍ 13 വയസ്സുകാരന്‍ പ്രിന്‍സിപ്പലിന്റ ഓഫീസില്‍ പ്രവേശിക്കുന്നുകണ്ടു. ക്ഷമിക്കണമെന്ന് നാല് മിനിറ്റോളം ആവര്‍ത്തിച്ച് വിദ്യാര്‍ത്ഥി പറഞ്ഞു. ഭയത്തിലും നിരാശയിലുമായിരുന്നു കുട്ടി. ഏകദേശം 52 തവണ 'ക്ഷമിക്കണം' എന്ന് കുട്ടി ആവര്‍ത്തിച്ചു.
സസ്പെന്‍ഡ് ചെയ്യുമെന്നും മെഡലുകള്‍ തിരിച്ചെടുക്കുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞതായി വിദ്യാര്‍ത്ഥി പിന്നീട് വിശദീകരിച്ചു. സ്‌കേറ്റിംഗില്‍ ദേശീയ തലത്തില്‍ രണ്ടു തവണ മത്സരിച്ച കുട്ടി ഇത് കേട്ടപ്പോള്‍ തകര്‍ന്നുപോയി. പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നിന്ന് പുറത്തേക്ക് ഓടിയ വിദ്യാര്‍ത്ഥി മൂന്നാം നിലയില്‍ നിന്ന് ചാടുകയായിരുന്നു. അതേസമയം എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ സ്‌കൂളിലെ വെയ്റ്റിങ് റൂമില്‍ ഇരിക്കുകയായിരുന്നു.
സ്‌കൂളിലെത്താന്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് ചെന്നതെന്ന് കുട്ടിയുടെ അച്ഛന്‍ പ്രീതം കട്ടാര പറഞ്ഞു. സ്‌കൂളില്‍ എത്തിയപ്പോള്‍, അവന്‍ വീണുവെന്നാണ് പറഞ്ഞത്. ഉടനെ ആശുപത്രിയിലേക്ക് തിരിച്ചെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.