രാഹുല്‍ ഗാന്ധിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണം പരിശോധിക്കാനുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കി
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട അലാഹബാദ് ഹൈക്കോടതിയുടെ വിധി റദ്ദാക്കി സുപ്രിംകോടതി .
രാഹുല്‍ ഗാന്ധിയെ കേസിലെ കക്ഷിയാക്കണമെന്നും ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ വാദം കേള്‍ക്കണമെന്നും ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി.
ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട അലാഹബാദ് ഹൈക്കോടതിയുടെ വിധി റദ്ദാക്കി സുപ്രിംകോടതി .
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. രാഹുല്‍ ഗാന്ധിയെ കേസിലെ കക്ഷിയാക്കണമെന്നും ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ വാദം കേള്‍ക്കണമെന്നും ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി. കേസ് പുതുതായി പരിഗണിക്കണമെന്നും ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മേയില്‍ പുറപ്പെടുവിച്ച ഉത്തരവില്‍, ലോക്‌സഭ പ്രതിപക്ഷ നേതാവിനെതിരായ പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ ആരോപണങ്ങള്‍ നിയമപ്രകാരം പരിശോധിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സിബിഐക്കും ഇഡിക്കും നിയമപരമായി അനുവദനീയമായ നടപടികള്‍ സ്വീകരിക്കാമെന്നും കോടതി നിരീക്ഷിച്ചു. പിന്നീട് അന്വേഷണ പുരോഗതി കോടതിയെ അറിയിക്കാനും ഏജന്‍സികളോട് ആവശ്യപ്പെട്ടു.
ജൂലൈ 20ലെ ഉത്തരവില്‍ സിബിഐ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. നേരത്തെ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്ന തരത്തിലുള്ള വിശദീകരണം സിബിഐ നല്‍കിയിട്ടില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. എന്നാല്‍ ഇഡി ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ഹൈക്കോടതി അന്ന് വ്യക്തമാക്കിയിരുന്നു.