ഹരീഷ് റാണയുടെ ജീവൻരക്ഷാ ഉപകരണങ്ങൾ നീക്കം ചെയ്തു

രാജ്യത്തെ ആദ്യത്തെ ഔദ്യോഗിക ദയാവധം ഡൽഹി എയിംസിൽ ആരംഭിച്ചു. സുപ്രീംകോടതിയുടെ ചരിത്രപ്രധാനമായ ഉത്തരവിനെത്തുടർന്ന്, 13 വർഷമായി അബോധാവസ്ഥയിൽ കഴിയുന്ന ഹരീഷ് റാണയുടെ വെന്റിലേറ്റർ സൗകര്യങ്ങൾ എയിംസ്  അധികൃതർ നീക്കം ചെയ്തു

 

ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ ഔദ്യോഗിക ദയാവധം ഡൽഹി എയിംസിൽ ആരംഭിച്ചു. സുപ്രീംകോടതിയുടെ ചരിത്രപ്രധാനമായ ഉത്തരവിനെത്തുടർന്ന്, 13 വർഷമായി അബോധാവസ്ഥയിൽ കഴിയുന്ന ഹരീഷ് റാണയുടെ വെന്റിലേറ്റർ സൗകര്യങ്ങൾ എയിംസ്  അധികൃതർ നീക്കം ചെയ്തു.2013-ൽ പഞ്ചാബ് സർവ്വകലാശാലയിൽ പഠിക്കവെ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്നാണ് ഹരീഷ് റാണ ശയ്യാവലംബിയായത്. അന്നുമുതൽ യന്ത്രസഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.

വേദനരഹിതമായ മരണം ഉറപ്പാക്കുന്നതിനായി ഹരീഷിന് നൽകിവന്നിരുന്ന ഭക്ഷണ ട്യൂബ് മാറ്റിയതായും മരുന്നുകൾ നൽകുന്നത് തുടരുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു. ഓക്സിജൻ, ഭക്ഷണം എന്നിവ ഘട്ടം ഘട്ടമായി ഒ‍ഴിവാക്കി സ്വാഭാവികമായ അന്ത്യം ഉറപ്പാക്കുകയാണ് ലക്ഷ്യം.

2018-ൽ സുപ്രീംകോടതി ദയാവധത്തിന് നിയമസാധുത നൽകിയ ശേഷം കോടതി ഉത്തരവിലൂടെ ഈ അനുമതി ലഭിക്കുന്ന ആദ്യ കേസാണ് ഹരീഷ് റാണയുടേത്. ജസ്റ്റിസ് ജെബി പർദിവാല, ജസ്റ്റിസ് കെവി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് മാതാപിതാക്കളുടെ അപേക്ഷ പരിഗണിച്ച് അനുമതി നൽകിയത്.ചികിത്സകൊണ്ട് യാതൊരു പുരോഗതിയും ഇല്ലാത്ത സാഹചര്യത്തിൽ, അന്തസ്സോടെ മരിക്കാനുള്ള അവകാശം വ്യക്തികൾക്കുണ്ട് എന്ന് കോടതി വ്യക്തമാക്കി. സാമ്പത്തികമായി തകർന്നുവെന്നും മകന്റെ ദുരിതം കാണാൻ വയ്യെന്നും ചൂണ്ടിക്കാട്ടിയാണ് മാതാപിതാക്കൾ നീതിപീഠത്തെ സമീപിച്ചത്.

യന്ത്രസഹായത്തോടെ മാത്രം ജീവൻ നിലനിർത്തുന്നതിൽ അർത്ഥമില്ലെന്ന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടും കോടതി കണക്കിലെടുത്തു. വരും ദിവസങ്ങളിൽ ഘട്ടം ഘട്ടമായി മറ്റു മരുന്നുകളും സഹായങ്ങളും നീക്കം ചെയ്യാനാണ് ആശുപത്രി തീരുമാനം.