പ്രബീര്‍ പുരകായസ്‌കതയ്ക്കെതിരായ കുറ്റപത്രം ശനിയാഴ്ച സമര്‍പ്പിച്ചേക്കും

 
ഡല്‍ഹി: ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനും എഡിറ്റര്‍-ഇന്‍-ചീഫുമായ പ്രബീര്‍ പുരകായസ്‌കതയ്ക്കെതിരായ കുറ്റപത്രം ശനിയാഴ്ച സമര്‍പ്പിച്ചേക്കും. യു.എ.പി.എ. കേസിലെ 10,000 പേജുള്ള കുറ്റപത്രമാണ് ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ ഇന്ന് സമര്‍പ്പിക്കുക. അമേരിക്കന്‍ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ നെവില്‍ റോയ് സിംഗത്തില്‍ നിന്ന് പണം ന്യൂസ് ക്ലിക്കിനു വേണ്ടി പണം വാങ്ങി എന്നാണ് പ്രബീര്‍ പുരകാസ്തയ്ക്കെതിരെ പോലീസ് ആരോപിക്കുന്ന കുറ്റം.

എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് 45 ദിവസത്തിനുശേഷമാണ് പുരകായസ്തയെ യു.എ.പി.എ. നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ചൈനീസ് അനുകല പ്രചാരണം നടത്താനായി ന്യൂസ് ക്ലിക്ക് പണം വാങ്ങി എന്ന ആരോപണത്തിലായിരുന്നു അറസ്റ്റ്. ഇതിനൊപ്പം നൂറോളം കേന്ദ്രങ്ങളില്‍ പരിശോധനയും നടത്തിയിരുന്നു. ഒക്ടോബര്‍ മൂന്നിന് നടന്ന മണിക്കൂറുകള്‍ നീണ്ട പരിശോധനയ്ക്കൊടുവില്‍ ന്യൂസ് ക്ലിക്കിലെ 46 മാധ്യമപ്രവര്‍ത്തകരെ ചോദ്യം ചെയ്യുകയും അവരുടെ ഫോണുകള്‍ അടക്കമുള്ള 300-ലേറെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കേസില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. ‘ഇന്ത്യയുടെ പരമാധികാരത്തെ തകര്‍ക്കാനായി’ ന്യൂസ് ക്ലിക്കിലേക്ക് ചൈനീസ് ഫണ്ട് എത്തി എന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. അലയന്‍സ് ഫോര്‍ ഡെമോക്രസി ആന്‍ഡ് സെക്യുലറിസം എന്ന സംഘവുമായി ചേര്‍ന്ന് 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പ്രബീര്‍ പുരകായസ്ത ശ്രമിച്ചുവെന്നും എഫ്.ഐ.ആറില്‍ ആരോപിക്കുന്നു.