തലമുടി വെച്ചുപിടിപ്പിക്കൽ ചികിത്സ;  തമിഴ്‌നാട് സർക്കാർ നിയമങ്ങൾ കർശനമാക്കി

തലമുടി വെച്ചുപിടിപ്പിക്കൽ ചികിത്സയിൽ നിയന്ത്രണം കൊണ്ടുവരാൻ തമിഴ്‌നാട് സർക്കാർ നിയമങ്ങൾ കർശനമാക്കി.ഇതുപ്രകാരം തലമുടി വെച്ചുപിടിപ്പിക്കുന്ന കേന്ദ്രങ്ങൾ ഇനി ക്ലിനിക്കൽ സ്ഥാപനങ്ങളുടെ ചട്ടങ്ങൾക്കനുസൃതമായി പ്രവർത്തിക്കണം. പ്ലാസ്റ്റിക് സർജറിയിലോ ഡെർമറ്റോളജിയിലോ ഉയർന്ന യോഗ്യത നേടിയിട്ടുള്ളതും മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഡോക്ടർമാർക്കുമാത്രമേ ഈ ചികിത്സ നടത്താൻ സാധിക്കുകയുള്ളൂ.

 

ചെന്നൈ: തലമുടി വെച്ചുപിടിപ്പിക്കൽ ചികിത്സയിൽ നിയന്ത്രണം കൊണ്ടുവരാൻ തമിഴ്‌നാട് സർക്കാർ നിയമങ്ങൾ കർശനമാക്കി.ഇതുപ്രകാരം തലമുടി വെച്ചുപിടിപ്പിക്കുന്ന കേന്ദ്രങ്ങൾ ഇനി ക്ലിനിക്കൽ സ്ഥാപനങ്ങളുടെ ചട്ടങ്ങൾക്കനുസൃതമായി പ്രവർത്തിക്കണം. പ്ലാസ്റ്റിക് സർജറിയിലോ ഡെർമറ്റോളജിയിലോ ഉയർന്ന യോഗ്യത നേടിയിട്ടുള്ളതും മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഡോക്ടർമാർക്കുമാത്രമേ ഈ ചികിത്സ നടത്താൻ സാധിക്കുകയുള്ളൂ.

ഓപ്പറേഷൻ തിയേറ്ററിൽ അനസ്തീസ്യ വിദഗ്ധർ ഉണ്ടായിരിക്കണം. കൂടാതെ, അവശ്യ ജീവൻരക്ഷാ ഉപകരണങ്ങളും അടിയന്തരാവശ്യങ്ങൾക്കുള്ള മരുന്നുകളും സജ്ജമാക്കണമെന്നും സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

അനധികൃതമായി മുടി വെച്ചുപിടിപ്പിക്കൽ ശസ്ത്രക്രിയ നടത്തിയതിനു ചെന്നൈ അണ്ണാനഗറിൽ മൂന്നുപേർ അറസ്റ്റിലായതിനു പിന്നാലെയാണ് നിയമം ശക്തിപ്പെടുത്തിയത്. ദേശീയ മെഡിക്കൽ കമ്മിഷന്റെ മാർഗനിർദേശങ്ങളനുസരിച്ചാണ് തമിഴ്‌നാട്ടിലും നിയമങ്ങൾ കർശനമാക്കിയിരിക്കുന്നത്.

കോസ്മെറ്റോളജി ചികിത്സ നടത്തുന്ന കേന്ദ്രങ്ങൾക്ക് ലൈസൻസ് നിർബന്ധമാണ്. ക്ലിനിക്കുകൾ യോഗ്യതയുള്ള ചർമരോഗ വിദഗ്ധരുടെയോ പ്ലാസ്റ്റിക് സർജൻമാരുടെയോ പൂർണ മേൽനോട്ടത്തിലായിരിക്കണം പ്രവർത്തിക്കേണ്ടതെന്നും ഉത്തരവിൽ പറയുന്നു.

രജിസ്‌ട്രേഷനോ പുതുക്കലിനോ വേണ്ടി അപേക്ഷ നൽകുമ്പോൾ ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ, അനുബന്ധ ജീവനക്കാർ എന്നിവരുടെ രജിസ്‌ട്രേഷൻ നമ്പറുകളും സാനിറ്ററി സർട്ടിഫിക്കറ്റും ബയോ-മെഡിക്കൽ മാലിന്യസംസ്കരണ കരാറും അഗ്നിരക്ഷാ ലൈസൻസും വാടകക്കരാറും ഉൾപ്പെടെയുള്ളവയുടെ പട്ടിക സമർപ്പിക്കണം.

മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിപത്രവും ഫാർമസി, രക്തബാങ്ക് ലൈസൻസ് എന്നിവയും ആവശ്യമാണ്.രജിസ്റ്റർ ചെയ്യാത്തവർക്കും അനധികൃത ക്ലിനിക്കുകൾക്കുമെതിരേ കർശന നടപടിയെടുക്കുമെന്നും തമിഴ്നാട് മെഡിക്കൽ കൗൺസിൽ വ്യക്തമാക്കി. ബ്യൂട്ടി സലൂണുകൾ എന്ന നിലയിലാണ് പല ഹെയർ ട്രാൻസ്‌പ്ലാന്റ് ക്ലിനിക്കുകളും നടത്തുന്നതെന്നും പത്താം ക്ലാസ് പാസാകാത്തവരാണ് ഇവിടെ ജോലി ചെയ്യുന്നതെന്നും നേരത്തേ കണ്ടെത്തിയിരുന്നു. തെറ്റായ ചികിത്സകൾ മരണത്തിനുവരെ കാരണമാകുമെന്നും അധികൃതർ മുന്നറിയിപ്പു നൽകി.