ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; ജന്തർ മന്തറിലേക്ക് മാർച്ച് പ്രഖ്യാപിച്ച് സംയുക്ത കിസാൻ മോർച്ച; ഈ മാസം 26-ന് രാജ്യവ്യാപക പ്രതിഷേധം
കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക-കാർഷിക നയങ്ങൾക്കെതിരെ ജന്തർ മന്തറിലേക്ക് മാർച്ച് പ്രഖ്യാപിച്ച് സംയുക്ത കിസാൻ മോർച്ച (SKM). ചരിത്രപരമായ കർഷക പ്രക്ഷോഭത്തിന്റെ ആറാം വാർഷികത്തോടനുബന്ധിച്ച് ഈ മാസം 26-നാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്.ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, എസ്.ഐ.ആർ (SIR) പിൻവലിക്കുക, പഴയ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, പുതിയ ലേബർ കോഡുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. ഇതിന്റെ ഭാഗമായി ഉത്തർപ്രദേശിലെ 75 ജില്ലാ ആസ്ഥാനങ്ങളിലും ഡൽഹിയിലും ധർണ നടത്തും.
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക-കാർഷിക നയങ്ങൾക്കെതിരെ ജന്തർ മന്തറിലേക്ക് മാർച്ച് പ്രഖ്യാപിച്ച് സംയുക്ത കിസാൻ മോർച്ച (SKM). ചരിത്രപരമായ കർഷക പ്രക്ഷോഭത്തിന്റെ ആറാം വാർഷികത്തോടനുബന്ധിച്ച് ഈ മാസം 26-നാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്.ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, എസ്.ഐ.ആർ (SIR) പിൻവലിക്കുക, പഴയ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, പുതിയ ലേബർ കോഡുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. ഇതിന്റെ ഭാഗമായി ഉത്തർപ്രദേശിലെ 75 ജില്ലാ ആസ്ഥാനങ്ങളിലും ഡൽഹിയിലും ധർണ നടത്തും. കർഷകർ ഉന്നയിച്ച അടിസ്ഥാന പ്രശ്നങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുകയാണെന്ന് എസ്.കെ.എം ദേശീയ നേതാക്കളായ പി. കൃഷ്ണപ്രസാദ്, ആശിഷ് മിറ്റൽ എന്നിവർ വ്യക്തമാക്കി.
ഇന്ത്യ-യു.എസ് സ്വതന്ത്ര വ്യാപാര കരാറിനെതിരെയും ശക്തമായ പ്രതിഷേധമുയർത്തും. കരാർ നിലവിൽ വരുന്നതോടെ വിദേശ കാർഷിക-ക്ഷീര ഉൽപ്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുകയും ഇത് പ്രാദേശിക കർഷകർക്ക് കനത്ത തിരിച്ചടിയാവുകയും ചെയ്യുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. 2020-ലായിരുന്നു രാജ്യത്തെ സ്തംഭിപ്പിച്ചുകൊണ്ട് പതിനായിരക്കണക്കിന് കർഷകർ അണിനിരന്ന കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം ആരംഭിച്ചത്.