ഗുജറാത്തിൽ പുലിയുടെ ആക്രമണത്തിൽ 7 വയസ്സുകാരിക്ക് ദാരുണാന്ത്യം
Jan 13, 2025, 19:26 IST
അലഹബാദ്: ഗുജറാത്തിലെ അമ്രേലി ജില്ലയിൽ 7 വയസ്സുള്ള പെൺകുട്ടിയെ പുള്ളിപ്പുലി കൊന്നു. പുലിയെ പിടിക്കാൻ പ്രദേശത്ത് കൂടു കെണികൾ സ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം ചിത്രസാർ ഗ്രാമത്തിലെ പരുത്തിത്തോട്ടത്തിൽ പണിയെടുക്കുന്ന മാതാപിതാക്കൾക്കൊപ്പം നടന്നുപോകുമ്പോഴാണ് പുള്ളിപ്പുലി പെൺകുട്ടിയെ ആക്രമിച്ചതെന്ന് റജുല റേഞ്ച് ഫോറസ്റ്റ് ഓഫിസർ ജി.എൽ വഗേല പറഞ്ഞു.
കഴുത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ജില്ലയിലെ ജാഫ്രാബാദിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. പുലിയെ പിടിക്കാൻ വനംവകുപ്പ് എട്ടു ടീമുകൾ രൂപീകരിച്ച് പരിസരപ്രദേശങ്ങളിൽ കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. പെൺകുട്ടിയെ ആക്രമിച്ച പുലിയെ പിടികൂടാൻ അടിയന്തര നടപടി സ്വീകരിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി റജുല എം.എൽ.എ ഹീരാ സോളങ്കി പറഞ്ഞു.