ഗുജറാത്തിൽ ഹോട്ടൽ ഭക്ഷണം കഴിച്ച അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം  

 

 സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്തു കഴിച്ച ഭക്ഷണത്തിൽ നിന്ന് വിഷബാധയേറ്റ് അഞ്ചുവയസ്സുകാരി മരിച്ചു. കുടുംബത്തിലെ നാലുപേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സൂറത്തിലെ രണൂജാധാം സൊസൈറ്റിയിൽ താമസിക്കുന്ന അശോക്ഭായ് കൽസരിയയും കുടുംബവുമാണ് ഈ ദാരുണമായ സംഭവത്തിന് ഇരയായത്.

ശീതൾ റെസ്റ്റോറൻറ് എന്ന ഹോട്ടലിൽ നിന്നാണ് കുടുംബം കാജു പനീർ കറി വാങ്ങിയത്. ഓഗസ്റ്റ് 16-ന് പുലർച്ചെ 4 മണിയോടെ അശോക്ഭായിക്കും മകൾക്കും കഠിനമായ വയറുവേദന അനുഭവപ്പെട്ടു. തുടർന്ന് രാവിലെ 9 മണിയോടെ ഇവർ അടുത്തുള്ള ക്ലിനിക്കിൽ ചികിത്സ തേടിയെങ്കിലും ആരോഗ്യാവസ്ഥ കൂടുതൽ വഷളാവുകയായിരുന്നു. തൊട്ടുപിന്നാലെ മറ്റ് കുടുംബാംഗങ്ങൾക്കും സമാനമായ രീതിയിൽ കടുത്ത വയറുവേദനയും ഛർദ്ദിയും അനുഭവപ്പെടുകയും എല്ലാവരുടെയും അവസ്ഥ ഗുരുതരമാവുകയും ചെയ്തു.

സ്ഥിതി വഷളായതിനെ തുടർന്ന് എല്ലാവരെയും നഗരത്തിലെ സദ്വിചാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എമർജൻസി വാർഡിൽ എത്തിച്ച് വെറും 20 മിനിറ്റിനുള്ളിൽ തന്നെ അഞ്ചുവയസ്സുകാരിയായ ആര്യ മരണത്തിന് കീഴടങ്ങി. നിലവിൽ ആര്യയുടെ പിതാവ് അശോക്ഭായ്, അമ്മ, രണ്ട് സഹോദരിമാർ എന്നിവർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവർക്ക് ഭക്ഷ്യവിഷബാധയേറ്റതായി ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവം വിവാദമായതോടെ ഗുജറാത്ത് ആരോഗ്യ മന്ത്രി പ്രഫുൽ പൻഷേരിയ അടിയന്തരമായി വിഷയത്തിൽ ഇടപെട്ടു. സൂററ്റ് മുൻസിപ്പൽ കോർപ്പറേഷൻ അധികൃതരുമായും ജില്ലാ മെഡിക്കൽ ഓഫീസറുമായും അദ്ദേഹം വിഡിയോ കോൺഫറൻസ് വഴി സ്ഥിതിഗതികൾ വിലയിരുത്തി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് സാധ്യമായ മികച്ച ചികിത്സ നൽകാൻ മന്ത്രി നിർദ്ദേശം നൽകി. കൂടാതെ ഭക്ഷണം വിതരണം ചെയ്ത 'ശീതൾ റെസ്റ്റോറന്റ്' ഉടനടി അടച്ചുപൂട്ടി സീൽ ചെയ്യാനും ഉത്തരവാദികളായവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാനും അദ്ദേഹം അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.