ഇന്ത്യയിലെ ബിരുദധാരികളിൽ 40 ശതമാനം തൊഴില്ലാത്തവർ ; റിപ്പോർട്ടുകൾ പുറത്ത്

 

 ബെംഗളൂരു: രാജ്യത്തെ യുവ ബിരുദധാരികളിൽ ഏകദേശം 40 ശതമാനം പേർ തൊഴിൽ ലഭിക്കാതെ തുടരുന്നതായി പുതിയ റിപോർട്ടുകൾ വിലയിരുത്തുന്നു. അസിം പ്രേംജി സർവകലാശാല പുറത്തിറക്കിയ സ്‌റ്റേറ്റ് ഓഫ് വർക്കിംഗ് ഇന്ത്യ 2026 റിപോർട്ടിലാണ് കണക്കുകൾ പുറത്തുവന്നത്. 15 മുതൽ 29 വരെ പ്രായമുള്ള ബിരുദധാരികളിൽ തൊഴിലില്ലായ്മ ഉയർന്ന നിലയിൽ തുടരുന്നതായി റിപോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. 15 മുതൽ 25 വയസ്സുവരെയുള്ള ബിരുദധാരികളിൽ ഏകദേശം 40 ശതമാനം പേർക്ക് ജോലി ലഭിക്കുന്നില്ല. 25 മുതൽ 29 വയസ്സുവരെയുള്ളവരിൽ പോലും 20 ശതമാനം പേർ തൊഴിൽ തേടി അലഞ്ഞുതിരിയുകയാണ്. ഈ സ്ഥിതി പുതിയതല്ലെന്നും കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി ഈ നിരക്ക് വലിയ മാറ്റമില്ലാതെ തുടരുന്നതായും റിപോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ജോലി കണ്ടെത്തിയ യുവ പുരുഷന്മാരിൽ വളരെ ചെറിയ ശതമാനത്തിനാണ് സ്ഥിരമായ ശമ്പളമുള്ള ജോലി ലഭിച്ചത്. ബിരുദധാരികളിൽ ഏകദേശം ഏഴു ശതമാനം പേർക്ക് മാത്രമാണ് ഒരു വർഷത്തിനുള്ളിൽ സ്ഥിര ജോലി നേടാനാകുന്നത്.

അതേസമയം സാമ്പത്തിക സമ്മർദം മൂലം പഠനം ഉപേക്ഷിക്കുന്നവരുടെ എണ്ണം ഉയരുകയാണ്. 2017ൽ 38 ശതമാനമായിരുന്ന വിദ്യാഭ്യാസത്തിൽ യുവാക്കളുടെ പങ്കാളിത്തം 2024ഓടെ 34 ശതമാനമായി കുറഞ്ഞു. 15 മുതൽ 24 വയസ്സുവരെയുള്ളവരിൽ പഠനം നിർത്തുന്നവരുടെ അനുപാതം 58 ശതമാനത്തിൽ നിന്ന് 72 ശതമാനമായി ഉയർന്നു. കോവിഡിന് ശേഷം രാജ്യത്ത് തൊഴിൽ വർധിച്ചുവെങ്കിലും, പുതിയ തൊഴിലവസരങ്ങളുടെ വലിയ പങ്കും കാർഷിക മേഖലയിലാണ് ഉണ്ടായത്. 2021–22 മുതൽ 2023–24 വരെയുള്ള 83 ദശലക്ഷം പുതിയ തൊഴിലുകളിൽ ഏകദേശം 40 ദശലക്ഷം കൃഷിയിലാണ് സൃഷ്ടിക്കപ്പെട്ടത്. മുൻപ് കൃഷിയിൽ നിന്ന് നിർമ്മാണത്തിലും സേവനമേഖലയിലേക്കുമുള്ള മാറിവരവ് ഉണ്ടായിരുന്നെങ്കിലും, ഇപ്പോൾ ആ പ്രവണത മന്ദഗതിയിലായിരിക്കുകയാണ്. വിദ്യാഭ്യാസ നിലവാരം ഉയരുമ്പോഴും തൊഴിലവസരങ്ങളുടെ കുറവ് കൂടുതൽ വ്യക്തമായി ഈ റിപോർട്ടുകളിൽ കാണാം.