അഗ്‌നിപഥ് പദ്ധതി പൊളിച്ചെഴുതി കേന്ദ്ര സര്‍ക്കാര്‍, കാലാവധി പൂര്‍ത്തിയായവര്‍ക്ക് രണ്ട് വര്‍ഷം കൂടി തുടരാം

നരേന്ദ്ര മോദി സര്‍ക്കാര്‍ 2022ല്‍ കൊണ്ടുവന്ന പരിഷ്‌കരണ പദ്ധതിയാണ് അഗ്‌നിപഥ്.

 

നാല് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുന്നവരില്‍ 75 ശതമാനം പേര്‍ക്കാണ് രണ്ട് വര്‍ഷം കൂടി തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. 

യുപി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അഗ്‌നിപഥ് പദ്ധതിയില്‍ പൊളിച്ചെഴുത്തുമായി കേന്ദ്ര സര്‍ക്കാര്‍. അഗ്‌നിവീറുകളായി ചേര്‍ന്നവര്‍ക്ക് കൂടുതല്‍ കാലം സൈനികസേവനത്തിന് അവസരം നല്‍കും. നാല് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുന്നവരില്‍ 75 ശതമാനം പേര്‍ക്കാണ് രണ്ട് വര്‍ഷം കൂടി തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. 

നരേന്ദ്ര മോദി സര്‍ക്കാര്‍ 2022ല്‍ കൊണ്ടുവന്ന പരിഷ്‌കരണ പദ്ധതിയാണ് അഗ്‌നിപഥ്. സേനകളിലെ യുവത്വം നിലനിര്‍ത്തുക എന്നത് ലക്ഷ്യമാക്കിയാണ് പദ്ധതിയെന്നാണ് സര്‍ക്കാര്‍ അന്ന് ന്യായീകരിച്ചത്. യുപി, ബീഹാര്‍ അടക്കം സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങള്‍ നടന്നിട്ടും സര്‍ക്കാര്‍ അതുമായി മുന്നോട്ട് പോയി. ഒടുവില്‍ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പദ്ധതിയുടെ ഘടനയില്‍ തന്നെ സര്‍ക്കാര്‍ മാറ്റം വരുത്തിയിരിക്കുകയാണ്. ഡിസംബറോടെ ആദ്യ ബാച്ചിലെ 18000 അഗ്‌നീവീറുകള്‍ നാലുവര്‍ഷ കാലാവധി പൂര്‍ത്തിയാകാനാരിക്കെയാണ് പ്രഖ്യാപനം. നാല് വര്‍ഷത്തെ സേവനത്തിന് ശേഷം പുറത്തുപോകേണ്ടിയിരുന്ന 75 ശതമാനം പേര്‍ക്കും രണ്ടു കൊല്ലം കൂടി നീട്ടി നല്‍കുകയായിരുന്നു. 25 ശതമാനം പേര്‍ക്ക് മാത്രം സ്ഥിര നിയമനം എന്നതായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ. രണ്ടു കൊല്ലത്തെ അധിക സേവനത്തിന് ശേഷം ഭൂരിപക്ഷം പേര്‍ക്കും സ്ഥിര നിയമനത്തിനുള്ള അവസരവും ഒരുങ്ങും.

പദ്ധതിയില്‍ സര്‍ക്കാര്‍യുടേണ്‍ അടിച്ചെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. പദ്ധതി പുനപരിശോധിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പുകള്‍ ശരിവയ്ക്കുന്നതാണ് പുതിയ തീരുമാനമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അഗ്‌നിപഥ് പദ്ധതി നടപ്പാക്കിയത് യുപിയടക്കം സംസ്ഥാനങ്ങളില്‍ തിരിച്ചടിയായെന്ന് ബിജെപി നേരത്തെ വിലയിരുത്തിയിരുന്നു. അടുത്ത വര്‍ഷം യുപി, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സേനയില്‍ നിന്ന് പുറത്താകേണ്ടിയിരുന്ന പതിനാലായിരത്തോളം യുവാക്കളെ നിലനിര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭ തീരുാനിച്ചത്.