സർക്കാർ ഭൂമി കൈയേറി നിർമിച്ചുവെന്നാരോപിച്ച് രാജസ്ഥാനിൽ പള്ളികളും മദ്റസകളും പൊളിച്ചു നീക്കി
രാജസ്ഥാനിൽ സർക്കാർ ഭൂമി കൈയേറി നിർമിച്ചുവെന്നാരോപിച്ച് ഇന്ത്യ-പാക് അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ മുസ്‍ലിം പള്ളികളും മദ്റസകളും പൊളിച്ചുനീക്കി ജയ്സാൽമിർ ജില്ല ഭരണകൂടം. മിർപുര, ഹിന്ദോളൻ കി ദാനി, അഹ്മദപുര, ധനാന എന്നീ ഗ്രാമങ്ങളിലെ ആറ് പള്ളികളും മദ്റസകളുമാണ് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്.
Jul 18, 2026, 14:05 IST
ജയ്സാൽമിർ: രാജസ്ഥാനിൽ സർക്കാർ ഭൂമി കൈയേറി നിർമിച്ചുവെന്നാരോപിച്ച് ഇന്ത്യ-പാക് അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ മുസ്‍ലിം പള്ളികളും മദ്റസകളും പൊളിച്ചുനീക്കി ജയ്സാൽമിർ ജില്ല ഭരണകൂടം. മിർപുര, ഹിന്ദോളൻ കി ദാനി, അഹ്മദപുര, ധനാന എന്നീ ഗ്രാമങ്ങളിലെ ആറ് പള്ളികളും മദ്റസകളുമാണ് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്.
റവന്യൂ, പൊലീസ്, അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു നടപടി. പ്രദേശത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടിയതിനാൽ കനത്ത സുരക്ഷയിലായിരുന്നു നടപടികൾ. അനധികൃതമായി നിർമിച്ച ആരാധനാലയങ്ങളും മദ്റസ കെട്ടിടങ്ങളും പൊളിച്ച് നീക്കാൻ ജൂലൈ 13ന് രാജസ്ഥാൻ ഹൈകോടതിയുടെ ജോധ്പൂർ ബെഞ്ച് ജില്ലാ ഭരണകൂടത്തിന് അനുമതി നൽകിയിരുന്നു. ഇതിന് ശേഷമാണ് ‘ഓപറേഷൻ ക്ലീൻ’ എന്ന പേരിൽ ജില്ല ഭരണകൂടം നടപടി ആരംഭിച്ചത്.