ഓക്സ്ഫഡ് ക്ഷണത്തിൽ സർക്കാരിന് അസൂയ; സൗരവ് ദാസിനെ വിമാനത്താവളത്തിൽ തടഞ്ഞതിനെതിരേ രൂക്ഷവിമർശനവുമായി അഭിജീത് ദിപ്കെ

കോക്രോച്ച് ജനതാ പാർട്ടി (CJP) സഹ-കൺവീനർ സൗരവ് ദാസിന്റെ യുകെ യാത്ര വിമാനത്താവളത്തിൽ തടഞ്ഞ സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ. യുകെയിലെ ഓക്സ്ഫഡ് സർവകലാശാലയിലേക്കും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലേക്കും പ്രഭാഷണം നടത്താൻ 27-കാരനായ യുവാവിന് ക്ഷണം ലഭിച്ചതിൽ സർക്കാരിന് അസൂയയാണെന്ന് അദ്ദേഹം ആരോപിച്ചു.

 

നാഗ്പുർ: കോക്രോച്ച് ജനതാ പാർട്ടി (CJP) സഹ-കൺവീനർ സൗരവ് ദാസിന്റെ യുകെ യാത്ര വിമാനത്താവളത്തിൽ തടഞ്ഞ സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ. യുകെയിലെ ഓക്സ്ഫഡ് സർവകലാശാലയിലേക്കും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലേക്കും പ്രഭാഷണം നടത്താൻ 27-കാരനായ യുവാവിന് ക്ഷണം ലഭിച്ചതിൽ സർക്കാരിന് അസൂയയാണെന്ന് അദ്ദേഹം ആരോപിച്ചു.

അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവർക്കായിരുന്നു പ്രഭാഷണത്തിനായി ക്ഷണം ലഭിച്ചിരുന്നത്. എന്നാൽ, കടുത്ത വരൾച്ച നേരിടുന്ന മഹാരാഷ്ട്രയിലെ വിദർഭ, മറാഠ്‌വാഡ മേഖലകളിലെ കർഷകരെ സന്ദർശിക്കാൻ താനും അശുതോഷും തീരുമാനിച്ചതിനാൽ സൗരവ് ദാസ് മാത്രം യുകെയിലേക്ക് പോകാൻ നിശ്ചയിക്കുകയായിരുന്നുവെന്ന് ദിപ്കെ വ്യക്തമാക്കി. തുടർന്ന് നവംബർ 23-ന് രാത്രി ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ സൗരവിനെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടയുകയായിരുന്നു.

"എവിടെയോ ചില അരക്ഷിതാവസ്ഥകൾ നിലനിൽക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. നമ്മുടെ രാജ്യത്തുനിന്ന് താൻ മാത്രമേ ലോകപര്യടനം നടത്താൻ പാടുള്ളൂ എന്ന് കരുതുന്ന ഒരാളുണ്ട്. അങ്ങനെയുള്ളപ്പോൾ 27 വയസ്സുള്ള ഒരു യുവാവിനെ ഓക്സ്ഫഡ് ക്ഷണിച്ചാൽ സ്വാഭാവികമായും അസൂയ തോന്നും" - പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും പരോക്ഷമായി പരിഹസിച്ചുകൊണ്ട് അഭിജീത് ദിപ്കെ പറഞ്ഞു. തങ്ങൾക്കെതിരേയുള്ള വിമർശനങ്ങളുടെ ശബ്ദം അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. "അധികാരം നിങ്ങളുടെ കൈയിലായിരിക്കാം, പക്ഷേ ഭരണഘടന ഞങ്ങൾക്കൊപ്പമാണ്. 140 കോടി ജനങ്ങളുടേതാണ് ഈ ഭരണഘടന. അത് നിലനിന്നില്ലെങ്കിൽ ഇന്ത്യയും നിലനിൽക്കില്ല" എന്നും ദിപ്കെ കൂട്ടിച്ചേർത്തു. അതേസമയം, മുംബൈ പൊലീസ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് സർക്കുലറിന്റെയും പാസ്‌പോർട്ടിലെ ജനനസ്ഥലം സംബന്ധിച്ച പൊരുത്തക്കേടുകളുടെയും അടിസ്ഥാനത്തിലാണ് സൗരവ് ദാസിനെ തടഞ്ഞതെന്നാണ് കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.