ഗോധ്ര ട്രെയിൻ കത്തിക്കൽ കേസ്: ഇർഫാൻ സിറാജിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി; ആരോഗ്യകാരണങ്ങളാൽ ജാമ്യം
2002-ലെ ഗോധ്ര ട്രെയിൻ കത്തിക്കൽ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഇർഫാൻ സിറാജ് പാഡയുടെ ശിക്ഷ സുപ്രീം കോടതി മരവിപ്പിച്ചു. ഗുരുതരമായ ഹൃദ്രോഗം ഉൾപ്പെടെയുള്ള ആരോഗ്യകാരണങ്ങളും 17 വർഷത്തിലേറെയായി അനുഭവിക്കുന്ന ജയിൽവാസവും പരിഗണിച്ചാണ് കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചത്.ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
ന്യൂഡൽഹി: 2002-ലെ ഗോധ്ര ട്രെയിൻ കത്തിക്കൽ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഇർഫാൻ സിറാജ് പാഡയുടെ ശിക്ഷ സുപ്രീം കോടതി മരവിപ്പിച്ചു. ഗുരുതരമായ ഹൃദ്രോഗം ഉൾപ്പെടെയുള്ള ആരോഗ്യകാരണങ്ങളും 17 വർഷത്തിലേറെയായി അനുഭവിക്കുന്ന ജയിൽവാസവും പരിഗണിച്ചാണ് കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചത്.ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച കാര്യങ്ങൾ ഗുജറാത്ത് സർക്കാർ എതിർത്തില്ലെന്നത് കൂടി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി. ശിക്ഷയ്ക്കെതിരെ ഇയാൾ നൽകിയ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഇടക്കാല ആശ്വാസം ലഭിച്ചിരിക്കുന്നത്.
പ്രാഥമികമായി ചികിത്സാപരമായ കാരണങ്ങളാലാണ് ഈ ഹർജി സമർപ്പിച്ചിരിക്കുന്നതെന്നും, ഹർജിക്കാരന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മുതിർന്ന അഭിഭാഷകൻ ബോധിപ്പിച്ച കാര്യങ്ങൾ വസ്തുതാപരമായി ശരിയാണെന്ന് സർക്കാർ അഭിഭാഷകൻ സമ്മതിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിൽ ചികിത്സാപരമായ കാരണങ്ങളാൽ ശിക്ഷാവിധി മരവിപ്പിക്കാനും ജാമ്യം നൽകാനും തീരുമാനിക്കുകയായിരുന്നുവെന്ന് ബെഞ്ച് വ്യക്തമാക്കി.
2002 ഫെബ്രുവരി 27-നായിരുന്നു രാജ്യത്തെ നടുക്കിയ ഗോധ്ര ട്രെയിൻ തീവെപ്പ് സംഭവം നടന്നത്. അയോധ്യയിൽ നിന്ന് മടങ്ങുകയായിരുന്ന കർസേവകർ സഞ്ചരിച്ചിരുന്ന സബർമതി എക്സ്പ്രസിന്റെ എസ്-6 കോച്ചിന് തീപിടിച്ച് 58 പേർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തെത്തുടർന്ന് ഗുജറാത്തിലുടനീളം രൂക്ഷമായ വർഗീയ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. 2002-ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികളുടെ ശിക്ഷാവിധിയും സുപ്രീം കോടതി അടുത്തിടെ മരവിപ്പിച്ചിരുന്നു.