ഗോവ-മംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ബെംഗളൂരുവിലേക്ക് നീട്ടി

ബെംഗളൂരുവില്‍നിന്ന് ബുധനാഴ്ചയും ഗോവയില്‍നിന്ന് വ്യാഴാഴ്ചയും സര്‍വീസ് ഉണ്ടാകില്ല.

 

ആഴ്ചയില്‍ ആറുദിവസം ഇരുദിശകളിലേക്കും ട്രെയിന്‍ സര്‍വീസ് നടത്തും.

ഗോവ-മംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ബെംഗളൂരുവിലേക്ക് നീട്ടി. നവംബര്‍ 13 മുതല്‍ ഗോവ-ബെംഗളൂരൂ(മഡ് ഗാവ്-യശ്വന്ത്പുര്‍) വന്ദേഭാരത് സര്‍വീസ് ആരംഭിക്കും. നവംബര്‍ 13-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗോവ-ബെംഗളൂരൂ വന്ദേഭാരത് രാജ്യത്തിന് സമര്‍പ്പിക്കും. ആഴ്ചയില്‍ ആറുദിവസം ഇരുദിശകളിലേക്കും ട്രെയിന്‍ സര്‍വീസ് നടത്തും. ബെംഗളൂരുവില്‍നിന്ന് ബുധനാഴ്ചയും ഗോവയില്‍നിന്ന് വ്യാഴാഴ്ചയും സര്‍വീസ് ഉണ്ടാകില്ല.

രാവിലെ 7.35-ന് ട്രെയിന്‍ യശ്വന്ത്പൂരില്‍നിന്ന് പുറപ്പെടും. രാത്രി 8.55-ന് ?ഗോവയിലെത്തും. ഗോവയില്‍നിന്ന് രാവിലെ 8.20ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 9.15ന് യശ്വന്ത്പൂരില്‍ എത്തും. ശ്രാവണബെലഗോള, ഹാസന്‍ സക്ലേഷ് പുര, സുബ്രഹ്‌മണ്യ റോഡ്, കബക്കാപുത്തൂര്‍, മംഗളൂരു ജംഗ്ഷന്‍, തൊക്കൂര്‍, ഉഡുപ്പി കുന്താപ്പുര, മൂകാംബിക റോഡ് ബൈന്ദൂര്‍, മുരുഡേശ്വര്‍ ഗോകര്‍ണ റോഡ്, കാര്‍വാര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ട്.

മണിക്കൂറില്‍ 54 കിലോമീറ്റര്‍ മാത്രമാകും ട്രെയിനിന്റെ വേഗത. രാജ്യത്തെ വന്ദേഭാരത് സര്‍വീസുകളില്‍ വേഗം കുറഞ്ഞ സര്‍വീസാകും ഇത്. ഗോവ-മംഗളൂരൂ വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടണമെന്ന് നേരത്തേ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍, ഇത് പരിഗണിക്കാതെയാണ് മംഗളൂരുവില്‍നിന്ന് ബെംഗളൂരുവിലേക്ക് സര്‍വീസ് നീട്ടിയത്.