ഗോവ നിശാക്ലബ് തീപിടിത്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ ബോംബെ ഹൈക്കോടതി നിർദേശം

ഗോവയിലെ നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ മരിച്ച 25 പേരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ ക്ലബ്ബ് ഉടമകളായ സൗരഭ് ലുത്ര, ഗൗരവ് ലുത്ര സഹോദരന്മാരോട് ബോംബെ ഹൈക്കോടതി നിർദേശിച്ചു. 2025 ഡിസംബറിൽ വടക്കൻ ഗോവയിലെ അർപോറയിലുള്ള 'ബിർച്ച് ബൈ റോമിയോ ലെയ്ൻ' നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തിലാണ് 25 പേർ ദാരുണമായി കൊല്ലപ്പെട്ടത്

 

പനാജി: ഗോവയിലെ നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ മരിച്ച 25 പേരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ ക്ലബ്ബ് ഉടമകളായ സൗരഭ് ലുത്ര, ഗൗരവ് ലുത്ര സഹോദരന്മാരോട് ബോംബെ ഹൈക്കോടതി നിർദേശിച്ചു. 2025 ഡിസംബറിൽ വടക്കൻ ഗോവയിലെ അർപോറയിലുള്ള 'ബിർച്ച് ബൈ റോമിയോ ലെയ്ൻ' നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തിലാണ് 25 പേർ ദാരുണമായി കൊല്ലപ്പെട്ടത്. ജസ്റ്റിസുമാരായ വാൽമീകി മെനെസസ്, അമിത് എസ്. ജാംസന്ദേക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നഷ്ടപരിഹാര തുക മൂന്ന് ഗഡുക്കളായി നിക്ഷേപിക്കാൻ ഉത്തരവിട്ടത്. നവംബർ 16-നകം ആദ്യത്തെ അഞ്ച് ലക്ഷം രൂപയും, ഡിസംബർ ഏഴിനകം രണ്ടാമത്തെ അഞ്ച് ലക്ഷം രൂപയും, 2027 ഫെബ്രുവരി ഏഴിനകം ശേഷിക്കുന്ന പത്ത് ലക്ഷം രൂപയും നൽകാനാണ് നിർദേശം. ഉപഭോക്തൃ തർക്ക പരിഹാര ഫോറങ്ങളോ തൊഴിലാളികളുടെ നഷ്ടപരിഹാര നിയമപ്രകാരമോ പിന്നീട് കുറഞ്ഞ തുക നിശ്ചയിച്ചാലും ഈ നഷ്ടപരിഹാര തുക തിരികെ നൽകില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. മരിച്ച 25 പേരിൽ 20 പേർ ക്ലബ്ബിലെ ജീവനക്കാരും അഞ്ച് പേർ വിനോദസഞ്ചാരികളുമാണ്.

കഴിഞ്ഞ വർഷം ഡിസംബർ ആറിന് ഉണ്ടായ അപകടത്തിൽ 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അനധികൃത കെട്ടിടത്തിലാണ് ക്ലബ്ബ് പ്രവർത്തിച്ചിരുന്നതെന്നും ആവശ്യമായ കെട്ടിട ലൈസൻസുകൾ, ടൗൺ പ്ലാനിങ് അനുമതി, അഗ്നിരക്ഷാ സുരക്ഷാ അനുമതി എന്നിവ ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ദുരന്തത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഗോവ സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നും ക്ലബ്ബ് ഉടമകൾക്കൊപ്പം സർക്കാരിനും ഉത്തരവാദിത്തമുണ്ടെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. തൊഴിലാളികളുടെ മൗലികാവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണ് ദുരന്തത്തിലൂടെ ഉണ്ടായതെന്ന് നിരീക്ഷിച്ച കോടതി, മരിച്ചവരുടെ കുടുംബങ്ങൾക്കായി കുറഞ്ഞത് 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നായിരുന്നു ഇരകളുടെ അഭിഭാഷകരുടെ ആവശ്യപ്പെട്ടത്. കേസിൽ അടുത്ത വാദം ഡിസംബർ രണ്ടിന് നടക്കും. സംഭവത്തിനുശേഷം തായ്‌ലൻഡിലേക്ക് കടന്ന ലുത്ര സഹോദരന്മാരെ പിന്നീട് ഇന്ത്യയിൽ തിരിച്ചെത്തിച്ചിരുന്നു. ഇവർക്കെതിരെയുള്ള ക്രിമിനൽ നടപടികൾ തുടരുകയാണ്.