പെൺകുട്ടികൾ എന്ത് വസ്ത്രം ധരിക്കണമെന്നത് അവരുടെ വ്യക്തിപരമായ തീരുമാനം;  ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കണമെന്ന് ഡൽഹി ഹൈക്കോടതി

പെൺകുട്ടികൾ എന്ത് വസ്ത്രം ധരിക്കണമെന്നത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും വസ്ത്രധാരണം ആൺകുട്ടികളെ വഴിതെറ്റിക്കുമെന്ന വാദം അങ്ങേയറ്റം ഖേദകരവും അംഗീകരിക്കാനാവാത്തതുമാണെന്നും ഡൽഹി ഹൈക്കോടതി.  2013-ലെ ഒരു ലൈംഗികാതിക്രമ കേസിൽ പ്രതിയ്ക്ക് ശിക്ഷ വിധിക്കവെയാണ് ജസ്റ്റിസ് ചന്ദ്രശേഖരൻ സുധയുടെ ഈ നിരീക്ഷണം.

 

ന്യൂഡൽഹി: പെൺകുട്ടികൾ എന്ത് വസ്ത്രം ധരിക്കണമെന്നത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും വസ്ത്രധാരണം ആൺകുട്ടികളെ വഴിതെറ്റിക്കുമെന്ന വാദം അങ്ങേയറ്റം ഖേദകരവും അംഗീകരിക്കാനാവാത്തതുമാണെന്നും ഡൽഹി ഹൈക്കോടതി.  2013-ലെ ഒരു ലൈംഗികാതിക്രമ കേസിൽ പ്രതിയ്ക്ക് ശിക്ഷ വിധിക്കവെയാണ് ജസ്റ്റിസ് ചന്ദ്രശേഖരൻ സുധയുടെ ഈ നിരീക്ഷണം. പെൺകുട്ടികളുടെ വസ്ത്രധാരണം നിയന്ത്രിക്കുന്നതിന് പകരം, സ്വന്തം പെരുമാറ്റം നിയന്ത്രിക്കാനും മറ്റുള്ളവരുടെ വ്യക്തിപരമായ അതിരുകളെ ബഹുമാനിക്കാനും അന്തസ്സോടെ പെരുമാറാനുമാണ് സമൂഹവും മാതാപിതാക്കളും മക്കളെ പഠിപ്പിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി.

വിചാരണ വേളയിൽ പെൺകുട്ടിയുടെ വസ്ത്രധാരണത്തെയും സ്വഭാവത്തെയും ചോദ്യം ചെയ്തുകൊണ്ട് നടന്ന സ്വഭാവഹത്യയെ കോടതി ശക്തമായി വിമർശിച്ചു. പെൺകുട്ടി പാശ്ചാത്യ വസ്ത്രം ധരിക്കുന്നത് അയൽവാസികൾക്കും സമൂഹത്തിനും ആൺകുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്ന പ്രതിഭാഗത്തിന്റെ വാദങ്ങൾ കോടതി തള്ളി.

ഒരു സ്ത്രീ എന്ത് ധരിക്കണമെന്ന് തീരുമാനിക്കാൻ അയൽവാസികൾക്കോ സമൂഹത്തിനോ കോടതിയിലെ അഭിഭാഷകർക്കോ അവകാശമില്ലെന്ന് കോടതി പറഞ്ഞു. വസ്ത്രധാരണം, മതം, ജീവിതശൈലി എന്നിവയുടെ അടിസ്ഥാനത്തിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾ കേസുമായി നേരിട്ട് ബന്ധമില്ലെങ്കിൽ അനുവദിക്കില്ലെന്നും ജസ്റ്റിസ് സുധ ചൂണ്ടിക്കാട്ടി. പെൺകുട്ടിയുടെ മൊഴി തള്ളിക്കളയാൻ അവളുടെ വസ്ത്രധാരണം ഒരു കാരണമല്ലെന്നും കോടതി നിരീക്ഷിച്ചു.  2014-ൽ വിചാരണ കോടതി പ്രതിയെ വെറുതെ വിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. ഐപിസി സെക്ഷൻ 354A(1)(i) പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഇയാൾക്ക് ശിക്ഷ വിധിക്കുകയും ചെയ്തു.