ആള്‍ട്ട് ബാലാജിയില്‍ പെണ്‍കുട്ടിയുടെ അശ്ലീലദൃശ്യം; ഏക്താ കപൂറിനും മാതാവിനുമെതിരെ പോക്‌സോ കേസ്

മുംബൈ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
 

നിര്‍മ്മാതാവും സംവിധായികയുമായ ഏക്താ കപൂറിനെതിരേയും മാതാവ് ശോഭാ കപൂറിനെതിരേയും പോക്‌സോ കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അശ്ലീല ദൃശ്യം അഡല്‍റ്റ് കണ്ടന്റ് ഒടിടി പ്ലാറ്റ് ഫോമായ ആള്‍ട്ട് ബാലാജിയിലൂടെ പ്രചരിപ്പിച്ചുവെന്നാണ് കേസ്. മുംബൈ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

2021 ഫെബ്രുവരിക്കും 2021 ഏപ്രിലിനും ഇടയില്‍ ആള്‍ട്ട് ബാലാജി ഒടിടി പ്ലാറ്റ് ഫോമിലെ ഗന്ധി ബാത് എന്ന വെബ് സീരിസിലെ ആറാം സീസണിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.

സ്ട്രീം ചെയ്ത എപ്പിസോഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അശ്ലീല ദൃശ്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് പരാതി. നിലവില്‍ ഈ എപ്പിസോഡ് സ്ട്രീമിങ് ആപ്പില്‍ നിന്ന് നീക്കിയിട്ടുണ്ട്.