കാമുകി വഞ്ചിക്കുന്നതായി സംശയം ; 23 കാരിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

രാത്രി വൈകി മാലിനിയുടെ മുറിയിലെത്തിയ അഭിജിത്, കത്രികയും സ്‌ക്രൂഡ്രൈവറും ഉപയോഗിച്ച് മാലിനിയെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു.

 

22-കാരനായ അഭിജിത് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാലിനി (23) ആണ് കൊല്ലപ്പെട്ടത്.

അസമിലെ കാംരൂപ് റൂറല്‍ ജില്ലയിലെ രംഗിയ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹോട്ടലില്‍ യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് 22-കാരനായ അഭിജിത് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാലിനി (23) ആണ് കൊല്ലപ്പെട്ടത്. ചെന്നൈയില്‍ ജോലിയുള്ള മാലിനി ശനിയാഴ്ച രാത്രി രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം രംഗിയയില്‍ എത്തിയതായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇവരെ കൂട്ടിയ അഭിജിത് അവര്‍ താമസിച്ച അതേ ഹോട്ടലില്‍ തന്നെ മറ്റൊരു മുറി ബുക്ക് ചെയ്ത് അവിടെ താമസിക്കുകയായിരുന്നു.

രാത്രി വൈകി മാലിനിയുടെ മുറിയിലെത്തിയ അഭിജിത്, കത്രികയും സ്‌ക്രൂഡ്രൈവറും ഉപയോഗിച്ച് മാലിനിയെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഞായറാഴ്ച രാവിലെ മാലിനിയുടെ സുഹൃത്തുക്കളെ ഫോണില്‍ വിളിച്ച് താന്‍ മാലിനിയെ കൊലപ്പെടുത്തിയെന്നും ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നും അറിയിച്ചു. തുടര്‍ന്ന് സ്വയം പരിക്കേല്‍പ്പിച്ച അഭിജിതിനെ പോലീസെത്തി ആശുപത്രിയിലാക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

മാലിനി മറ്റ് പുരുഷന്മാരുമായി സംസാരിക്കുന്നുണ്ടെന്നും തന്നെ വഞ്ചിക്കുന്നതായും സംശയം ഉണ്ടായിരുന്നെന്നും, അസമിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ കൊലപാതകം ആസൂത്രണം ചെയ്തിരുന്നതായും പ്രതി പോലീസിനോടും മാധ്യമങ്ങളോടും സമ്മതിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.