ഐസിയുവിന് പുറത്തുപോലും പൊലീസ് കാവല്‍ ,നിരാഹാരം അവസാനിപ്പിച്ചിട്ടും സോനം വാങ്ചുക്ക് പൊലീസ് കസ്റ്റഡിയിലാണോ ?: ചോദ്യവുമായി ഭാര്യ ഗീതാഞ്ജലി അങ്‌മോ
കോടതി വാങ്ചുക്ക് തടങ്കലിലല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കില്‍ പൊലീസ് ഇതെല്ലാം ചെയ്യുന്നത് എന്ത് അധികാരത്തിലാണെന്ന് അവര്‍ ചോദിച്ചു. എക്‌സിലൂടെയാണ് ഗീതാഞ്ജലി ഇക്കാര്യം ചോദിച്ചത്.
ന്യൂഡല്‍ഹി: നിരാഹാരം അവസാനിപ്പിച്ചിട്ടും സോനം വാങ്ചുക്ക് പൊലീസ് കസ്റ്റഡിയിലാണോ എന്ന ചോദ്യവുമായി ഭാര്യ ഗീതാഞ്ജലി അങ്‌മോ. ആശുപത്രിയുടെ ഗേറ്റിന് മുന്നിലും ലിഫ്റ്റിലും വാങ്ചുക്ക് കിടക്കുന്ന ഐസിയുവിന് പുറത്തുപോലും പൊലീസ് കാവല്‍ നില്‍ക്കുകയാണെന്നും ആര്‍ക്കൊക്കെ അകത്ത് കയറാം, വാങ്ചുക്കിനെ കാണാം, കാണരുത് എന്നെല്ലാം തീരുമാനിക്കുന്നത് അവരാണെന്നും ഗീതാഞ്ജലി ആരോപിച്ചു. കോടതി വാങ്ചുക്ക് തടങ്കലിലല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കില്‍ പൊലീസ് ഇതെല്ലാം ചെയ്യുന്നത് എന്ത് അധികാരത്തിലാണെന്ന് അവര്‍ ചോദിച്ചു. എക്‌സിലൂടെയാണ് ഗീതാഞ്ജലി ഇക്കാര്യം ചോദിച്ചത്.
'സഫ്ദര്‍ജംഗിലും ഇപ്പോള്‍ മെദാന്തയിലും എല്ലായിടത്തും പൊലീസാണ്. പ്രധാന ഗേറ്റിലും റിസപ്ഷനിലും ലിഫ്റ്റുകളിലും വരെ പൊലീസ്. വാങ്ചുക്കിന്റെ ഐസിയുവിന് പുറത്തും പൊലീസ്. ആര്‍ക്കൊക്കെ അദ്ദേഹത്തെ കാണാം എന്നും കാണരുതെന്നും അവരാണ് തീരുമാനിക്കുന്നത്. കോടതി അദ്ദേഹം തടങ്കലിലല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കില്‍ എന്ത് അധികാരത്തിലാണ് പൊലീസ് ഇതെല്ലാം ചെയ്യുന്നത്? പ്രബുദ്ധമായ ഒരു ജനാധിപത്യത്തില്‍ പൊലീസിന്റെ ജോലി പൗരന്മാരെ സംരക്ഷിക്കുകയും നിയമം പാലിക്കുകയും ചെയ്യുകയാണോ അതോ അധികാരത്തിലിരിക്കുന്നവര്‍ക്ക് വേണ്ടി പൗരന്മാരെ നിയന്ത്രിക്കുകയാണോ? ഓരോ ഇന്ത്യക്കാരനും ചോദിക്കേണ്ട ചോദ്യങ്ങളാണിവ': ഗീതാഞ്ജലി അങ്‌മോ പറഞ്ഞു.