ഇന്ധനവില വർധന ; ടാക്സി, ഓട്ടോ നിരക്കുകൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ ടാക്സി യൂണിയനുകൾ മൂന്ന് ദിവസത്തെ പണിമുടക്കിലേക്ക്
ന്യൂഡൽഹി : ഇന്ധനവില തുടർച്ചയായി വർധിക്കുന്ന സാഹചര്യത്തിൽ ടാക്സി, ഓട്ടോ നിരക്കുകൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ ടാക്സി ഡ്രൈവർമാരുടെ യൂണിയനുകൾ മൂന്ന് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചു. മേയ് 21 മുതൽ 23 വരെയാണ് പണിമുടക്ക്. ആപ്പ് അധിഷ്ഠിത ക്യാബ് അഗ്രഗേറ്ററുകൾ തങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതായും യൂണിയനുകൾ ആരോപിച്ചു.
'സി.എൻ.ജി, പെട്രോൾ, ഡീസൽ എന്നിവയുടെ വില നിരന്തരം വർധിക്കുന്നതിനാൽ ഇടത്തരം ഡ്രൈവർമാർ തങ്ങളുടെ കുടുംബം പുലർത്താൻ പാടുപെടുകയാണ്. അതിനാൽ ഡൽഹിയിലെ മറ്റ് സംഘടനകളുമായി ഏകോപിപ്പിച്ച് 'ചാലക് ശക്തി യൂണിയൻ' മെയ് 21, 22, 23 തീയതികളിൽ വാഹന പണിമുടക്ക പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ദിവസങ്ങളിൽ വാഹനങ്ങൾ നിരത്തിലിറക്കരുതെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു' ചാലക് ശക്തി യൂണിയൻ വൈസ് പ്രസിഡന്റ് അനുജ് കുമാർ റാത്തോഡ് അറിയിച്ചു.
ഇന്ധനവിലയിൽ വൻ വർധനവുണ്ടായിട്ടും ഡൽഹി-എൻ.സി.ആർ മേഖലയിലെ ടാക്സി നിരക്കുകളിൽ കഴിഞ്ഞ 15 വർഷമായി മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് യൂണിയൻ ചൂണ്ടിക്കാട്ടി. വാഹനങ്ങളുടെ അറ്റകുറ്റപ്പണി, ഇൻഷുറൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് എന്നിവയ്ക്കുള്ള ചെലവുകളും മറ്റ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും ഡ്രൈവർമാരുടെ വരുമാനത്തെ വീണ്ടും കുറയ്ക്കുന്നു.
'വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം ഉണ്ടായിരുന്നിട്ടും ടാക്സി നിരക്കുകൾ ഇപ്പോഴും പഴയ നിരക്കിലാണ് ഈടാക്കുന്നത്, ഇത് ഡ്രൈവർമാരുടെ ഉപജീവനമാർഗ്ഗത്തെ സാരമായി ബാധിച്ചു. ഒല, ഊബർ, റാപ്പിഡോ തുടങ്ങിയ ആപ്പ് അധിഷ്ഠിത കമ്പനികൾ തന്നിഷ്ടപ്രകാരമാണ് പ്രവർത്തിക്കുന്നത്. ഡൽഹി-എൻ.സി.ആറിലെ ഡ്രൈവർമാർ കടുത്ത സാമ്പത്തിക ചൂഷണത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ്' യൂണിയന്റെ കത്തിൽ പറയുന്നു.