ഇന്ധന വില വർധന ; ബസ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് കർണാടയിലെ സ്വകാര്യ ബസുടമകൾ
പെട്രോൾ, ഡീസൽ വില വർധിപ്പിച്ച സാഹചര്യത്തിൽ കർണാടകയിൽ സ്വകാര്യ ബസ് ചാർജിലും വൻ വർധനവ് പ്രഖ്യാപിച്ചു. ബസ് ടിക്കറ്റ് നിരക്ക് 20 മുതൽ 30 ശതമാനം വരെയാണ് വർധിപ്പിച്ചത്. ഇന്നലെ അർദ്ധരാത്രി മുതൽ പുതിയ നിരക്കുകൾ നിലവിൽ വന്നു.
ബെംഗളൂരു: പെട്രോൾ, ഡീസൽ വില വർധിപ്പിച്ച സാഹചര്യത്തിൽ കർണാടകയിൽ സ്വകാര്യ ബസ് ചാർജിലും വൻ വർധനവ് പ്രഖ്യാപിച്ചു. ബസ് ടിക്കറ്റ് നിരക്ക് 20 മുതൽ 30 ശതമാനം വരെയാണ് വർധിപ്പിച്ചത്. ഇന്നലെ അർദ്ധരാത്രി മുതൽ പുതിയ നിരക്കുകൾ നിലവിൽ വന്നു. രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചതോടെ ബസ് ഓപ്പറേറ്റർമാർക്ക് പ്രതിമാസം വലിയ സാമ്പത്തിക ബാധ്യതയുണ്ടായതായി ബസ് ഉടമകളുടെ സംഘടന അറിയിച്ചു. ഓരോ വാഹനത്തിനും ഇന്ധനച്ചെലവിൽ മാത്രം മാസം 15,000 രൂപയുടെ അധിക ബാധ്യതയുണ്ടാകും. കൂടാതെ റോഡ് ടാക്സ് വർധനയും സർക്കാർ ബസുകളിലെ സൗജന്യ യാത്ര (ശക്തി പദ്ധതി) കാരണമുള്ള വരുമാന നഷ്ടവും തങ്ങളെ പ്രതിസന്ധിയിലാക്കിയെന്ന് സ്വകാര്യ ബസുടമകൾ വ്യക്തമാക്കുന്നു.
ദീർഘദൂര യാത്രക്കാർക്ക് ഒരു സീറ്റിന് ശരാശരി 200 രൂപയോളം അധികം നൽകേണ്ടി വരുമെന്നാണ് കരുതുന്നത്. കർണാകയിൽ നിന്ന് കേരളത്തിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിലും നിരക്ക് വർധനവുണ്ടാകും. ബെംഗളൂരു - ബെലഗാവി റൂട്ടിൽ നേരത്തെ സ്വകാര്യ ബസുകളിൽ 1,200 രൂപ വരെയായിരുന്നു ടിക്കറ്റ് നിരക്ക്. ഇനി മുതൽ ഇത് 1,400 ആകും. ബെംഗളൂരു - മംഗളൂരു/ഉഡുപ്പി റൂട്ടിൽ 1,000 രൂപ വരെയായിരുന്ന ടിക്കറ്റ് നിരക്ക് 1,200 വരെയായി. ബെംഗളൂരു - കലബുറഗി റൂട്ടിൽ 1,200 രൂപ വരെയായിരുന്നു പഴ നിരക്ക്. ഇനിയിത് 1,500 രൂപയാകുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അതേസമയം കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ്റെ (കെ.എസ്.ആർ.ടി.സി) ഉൾപ്പെടെയുള്ള സർക്കാർ ബസുകളുടെ ചാർജ് വർധിപ്പിക്കാൻ നിലവിൽ തീരുമാനമില്ലെന്ന് കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി വ്യക്തമാക്കി. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് പെട്രോൾ-ഡീസൽ വിലയിൽ വലിയ വർധനവ് ഉണ്ടായത്. പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതാണ് ഇന്ധനവില കൂടാൻ കാരണമായത്.