യുവാക്കൾക്ക് സൗജന്യ ഓൺലൈൻ കോച്ചിങ് ക്ലാസുകൾ, എ.ഐ പരിശീലനം ; സ്വതന്ത്രതാ ദിനത്തിൽ വൻ പ്രഖ്യാപനങ്ങളുമായി നരേന്ദ്ര മോദി
യുവാക്കൾക്ക് വിവിധ പരീക്ഷകളെ നേരിടാൻ സൗജന്യ ഓൺലൈൻ കോച്ചിങ് നൽകുന്ന പുതിയ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വതന്ത്രതാ ദിനാഘോഷത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിലാണ് പ്രഖ്യാപനം.
ന്യൂഡൽഹി : യുവാക്കൾക്ക് വിവിധ പരീക്ഷകളെ നേരിടാൻ സൗജന്യ ഓൺലൈൻ കോച്ചിങ് നൽകുന്ന പുതിയ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വതന്ത്രതാ ദിനാഘോഷത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിലാണ് പ്രഖ്യാപനം.
വിദ്യാഭ്യാസ മേഖലക്ക് ഊന്നൽ നൽകിക്കൊണ്ടുള്ളതായിരുന്നു ഈ പ്രധാന പ്രഖ്യാപനം. പാവപ്പെട്ടവർക്കും ഇടത്തരം സാമ്പത്തിക സ്ഥിതിയിലുമുള്ളവർക്കും ഇത്തരം കോച്ചിങുകൾ വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ യുവാക്കളെ പ്രസംഗത്തിൽ പ്രശംസിച്ചു. "വികസിത ഇന്ത്യയിലേക്കുള്ള യാത്രയിൽ യുവാക്കൾക്ക് വളരെ പ്രധാനപ്പെട്ട പങ്കുണ്ട്. മാത്രമല്ല, അവർ ഒരു വികസിത ഇന്ത്യയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളുമായിരിക്കും. യുവാക്കളെ നമ്മുടെ ഏറ്റവും ഉയർന്ന മുൻഗണനയാക്കണം," അദ്ദേഹം വ്യക്തമാക്കി. അടുത്ത വർഷം രാജ്യവ്യാപകമായി ഒരു കോടി യുവാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (AI) പരിശീലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറിയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഫോർച്യൂൺ 500-ന് കീഴിൽ 50 ഇന്ത്യൻ കമ്പനികളെ ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സെൻസസ് നടപടികൾ പൂർത്തീകരിക്കാൻ യുവാക്കൾ സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യദിനാഘോഷത്തിനെ തുടർന്ന് രാജ്യത്ത് കനത്ത സുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്. ചെങ്കോട്ടയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സ്വീകരിച്ചു. തുടർന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യദിനത്തിൽ ആദ്യമായി ചെങ്കോട്ടയിൽ നിന്ന് വന്ദേമാതരത്തിന്റെ പൂർണ്ണരൂപം മുഴങ്ങി. മൂന്നുമിനിറ്റോളം ബാൻഡ് രൂപത്തിലാണ് വന്ദേമാതരം ആരംഭിച്ചത്. അതിന് ശേഷമാണ് ദേശീയ ഗാനം ആലപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയർത്തി.
അതേ സമയം ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന എൺപതാം സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ നിന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും വിട്ടുനിന്നു. തുടർച്ചയായ രണ്ടാം വർഷമാണ് ഇരുവപുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത്.
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കാബിനറ്റ് മന്ത്രിയുടെ പദവിയുമുള്ള രാഹുൽ ഗാന്ധിക്ക് 2024-ലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ ചെങ്കോട്ടയിലെ പരിപാടിയിൽ പതിവും പ്രോട്ടോക്കോഴും പാലിക്കാതെ അവസാനത്തിന് തൊട്ടുമുമ്പത്തെ വരിയിൽ ഇരിക്കേണ്ടി വന്നത് വലിയ വിവാദത്തിന് കാരണമായിരുന്നു.