നേപ്പാള്‍ പ്രളയദുരന്തത്തില്‍ സഹായങ്ങളുമായി ഇന്ത്യയില്‍നിന്നുള്ള നാലാമത്തെ വിമാനവും യാത്ര തിരിച്ചു
സ്റ്റീല്‍ പാലം നിര്‍മിക്കാനുള്ള സാധനസാമഗ്രികളുമായി 16 ലോറികളും റോഡ് മാര്‍ഗം നേപ്പാളിലെത്തിയിട്ടുണ്ട്.
ശനിയാഴ്ച രാത്രിയാണ് 11 ടണ്‍ സാമഗ്രികളുമായി വ്യോമസേന വിമാനം നേപ്പാളിലേക്ക് തിരിച്ചത്.
നേപ്പാള്‍ പ്രളയദുരന്തത്തില്‍ സഹായങ്ങളുമായി ഇന്ത്യയില്‍നിന്നുള്ള നാലാമത്തെ വിമാനവും യാത്രതിരിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ അറിയിച്ചു. ശനിയാഴ്ച രാത്രിയാണ് 11 ടണ്‍ സാമഗ്രികളുമായി വ്യോമസേന വിമാനം നേപ്പാളിലേക്ക് തിരിച്ചത്.
തെരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമുള്ള ഉപകരണങ്ങള്‍, ഡിഎന്‍എ പരിശോധനയ്ക്കുള്ള സംവിധാനങ്ങള്‍, കമ്പിളി, സ്ലീപ്പിങ് ബാഗുകള്‍, പ്ലാസ്റ്റിക് ഷീറ്റുകള്‍, ശുചിത്വ കിറ്റുകള്‍ തുടങ്ങിയവയാണ് വിമാനത്തിലുള്ളത്. ഫൊറന്‍സിക് വിദഗ്ധരും വിമാനത്തിലുണ്ട്. ഇതിനുപുറമേ സ്റ്റീല്‍ പാലം നിര്‍മിക്കാനുള്ള സാധനസാമഗ്രികളുമായി 16 ലോറികളും റോഡ് മാര്‍ഗം നേപ്പാളിലെത്തിയിട്ടുണ്ട്. ബെയ്‌ലി പാലം നിര്‍മിക്കാനുള്ള സാധനസാമഗ്രികളും ഉടന്‍ നേപ്പാളിലെത്തിക്കുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
നേപ്പാളിലുണ്ടായ മിന്നല്‍പ്രളയത്തില്‍ ഇതുവരെ 675 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 2400-ലേറെ പേരെയാണ് ദുരന്തത്തില്‍ കാണാതായത്. ദുരന്തമേഖലകളില്‍ നാലാംദിവസവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.