നാല് ലക്ഷം അതിഥികള്‍ക്ക് ക്ഷണം, കുതിരയോട്ടത്തില്‍ വിജയിക്കുന്നവര്‍ക്ക് ഥാര്‍ സമ്മാനം ; കൊലക്കേസില്‍ കീഴടങ്ങും മുമ്പ് മകളുടെ വിവാഹം ഗംഭീരമാക്കാന്‍ വിവാദ എംഎല്‍എ
നവംബര്‍ 25ന് ലാഡ്മയിലെ തറവാട്ട് വീട്ടില്‍ വെച്ചാണ് അനന്ത് സിങ്ങിന്റെ മകള്‍ ശിവാംഗി സിങ്ങും ഋഷികേശ് കുമാറും തമ്മിലുള്ള വിവാഹം നടക്കുന്നത്.
ഡിസംബര്‍ ഒന്നിന് കീഴടങ്ങടണമെന്ന കോടതി ഉത്തരവ് നിലനില്‍ക്കെ ആണ് വമ്പന്‍ വിവാഹ സല്‍ക്കാരത്തിന് 'ഛോട്ടേ സര്‍ക്കാര്‍' എന്നറിയപ്പെടുന്ന അനന്ത് സിങ് ഒരുങ്ങുന്നത്.
നാല് ലക്ഷം അതിഥികള്‍ക്ക് ക്ഷണം, വിദേശത്ത് നിന്ന് പൂക്കള്‍, കുതിരയോട്ടത്തില്‍ വിജയിക്കുന്നവര്‍ക്ക് മഹീന്ദ്ര ഥാര്‍ സമ്മാനം. ബിഹാറിലെ വിവാദ എംഎല്‍എ അനന്ത് സിങ്ങിന്റെ മകള്‍ ശിവാംഗി സിങ്ങിന്റെ വിവാഹമാണ് പരിപാടി. മുന്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിനായി ഒമ്പതുപേരെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് വിവാദത്തിലായ മൊകാമ എംഎല്‍എ അനന്ത് സിങ് ആണ് മകളുടെ വിവാഹം അത്യാഢംബരത്തോടെ സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നത്. കൊലക്കേസുമായി ബന്ധപ്പെട്ട് ഡിസംബര്‍ ഒന്നിന് കീഴടങ്ങടണമെന്ന കോടതി ഉത്തരവ് നിലനില്‍ക്കെ ആണ് വമ്പന്‍ വിവാഹ സല്‍ക്കാരത്തിന് 'ഛോട്ടേ സര്‍ക്കാര്‍' എന്നറിയപ്പെടുന്ന അനന്ത് സിങ് ഒരുങ്ങുന്നത്.
നവംബര്‍ 25ന് ലാഡ്മയിലെ തറവാട്ട് വീട്ടില്‍ വെച്ചാണ് അനന്ത് സിങ്ങിന്റെ മകള്‍ ശിവാംഗി സിങ്ങും ഋഷികേശ് കുമാറും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. നാല് ലക്ഷം പേര്‍ക്ക് സല്‍ക്കാരം നടത്താനുള്ള രീതിയിലാണ് പന്തല്‍ ഒരുങ്ങുന്നത്. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ശില്പികളാണ് പന്തലും വിവാഹച്ചടങ്ങിനുള്ള സ്റ്റേജും ഒരുക്കുന്നത്. നവംബര്‍ 20 ഓടെ പന്തല്‍ നിര്‍മ്മാണം പൂര്‍ത്തിയാകും. വിവിഐപി അതിഥികള്‍ക്കായി പ്രത്യേകം പന്തലും ഒരുക്കുന്നുണ്ട്. വധൂവരന്മാര്ക്കുള്ള സേജ് 100 അടി നീളത്തില്‍ സിമെന്റ് കൊണ്ടാണ് നിര്‍മ്മിക്കുന്നത്. സ്റ്റേജ് അലങ്കരിക്കാനായി 150 ക്വിന്റല്‍ ആഭരണങ്ങളാണ് ഉപയോഗിക്കുന്നത്.
വിവാഹ ശേഷം നവദമ്പതികള്‍ക്ക് താമസിക്കാനായി ബിഹാതയില് പുതിയ വീടും നിര്‍മ്മിച്ചിട്ടുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട പൂജാ ചടങ്ങുകള്‍ ഈ വീട്ടിലാണ് നടക്കുക. ഇവിടെ നിന്നാണ് ലാഡ്മയിലെ അനന്ത് സിങ്ങിന്റെ തറവാട്ട് വീട്ടിലേക്ക് വിവാഹ ഘോഷയാത്ര നടക്കുക. വിവാഹത്തോട് അനുബന്ധിച്ചു നടത്തുന്ന കുതിരയോട്ടത്തിനായി പ്രത്യേക മൈതാനം ഒരുക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മത്സരത്തില്‍ പങ്കെടുക്കാന്‍ കുതിരകള്‍ എത്തും. കുതിരയോട്ടത്തിലെ വിജയിക്ക് മഹീന്ദ്ര ഥാര്‍ ആണ് സമ്മാനം. രണ്ടാം സമ്മാനം ഇരുചക്ര വാഹനമാണ്.
സിനിമ - രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ള പ്രമുഖരെ വിവാഹച്ചടങ്ങിലേക്ക് അനന്ത് സിങ് ക്ഷണിച്ചിട്ടുണ്ട്. സോനു സൂദ്, മനോജ് തിവാരി അടക്കമുള്ള ബോളിവുഡ് താരങ്ങള്‍ അടക്കം ഇതില്‍ ഉള്‍പ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ക്ഷണക്കത്ത് നല്‍കാനാണ് അനന്ത് സിങ്ങിന്റെ തീരുമാനം. 'എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്. ബിഹാറില്‍ നിന്നുള്ളവരെ മാത്രമല്ല, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ളവരെയും... ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും രാഷ്ട്രീയക്കാരെ ക്ഷണിച്ചിട്ടുണ്ട്. ഒരു കല്യാണത്തില്‍ ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ ഇല്ല. കലാകാരന്മാരും വരുന്നുണ്ട്... പ്രധാനമന്ത്രി മോദിക്കും ക്ഷണക്കത്ത് നല്‍കും' - അനന്ത് സിങ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
അതേസമയം വിവാഹത്തിന് ഒരാഴ്ചയ്ക്കപ്പുറം അനന്ത് സിങ്ങിന് കൊലക്കേസില്‍ കീഴടങ്ങണം.