'കന്യാസ്ത്രീകള്‍ക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു'' നിര്‍ണായക വെളിപ്പെടുത്തലുമായി പെണ്‍കുട്ടി
'കന്യാസ്ത്രീകള്‍ക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു'' നിര്‍ണായക വെളിപ്പെടുത്തലുമായി പെണ്‍കുട്ടി
സ്വന്തം ഇഷ്ടപ്രകാരമാണ് യാത്ര തിരിച്ചതെന്നും യുവതി വെളിപ്പെടുത്തി.
ബജറംഗ്ദള്‍ നേതാവ് ജ്യോതി ശര്‍മ തങ്ങളെ മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയും കന്യാസ്ത്രീകള്‍ക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍.
ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കന്യാസ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടി. ബജറംഗ്ദള്‍ നേതാവ് ജ്യോതി ശര്‍മ തങ്ങളെ മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയും കന്യാസ്ത്രീകള്‍ക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ബജറംഗ്ദള്‍ പറഞ്ഞത് പ്രകാരം കേസെടുക്കാന്‍ നിര്‍ബന്ധിച്ചതെന്നും യുവതി ഇംഗ്ലീഷ് മാധ്യമത്തോട് വെളിപ്പെടുത്തി.
ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ പറഞ്ഞതനുസരിച്ചാണ് പൊലീസ് എഫ്ഐആര്‍ തയ്യാറാക്കിയതെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് യാത്ര തിരിച്ചതെന്നും യുവതി വെളിപ്പെടുത്തി.
മാതാപിതാക്കള്‍ക്കും നാല് സഹോദരിമാര്‍ക്കും ഒപ്പമാണ് യുവതി താമസിക്കുന്നത്. ദിവസ കൂലിക്കാണ് മുന്‍പ് ജോലി ചെയ്തിരുന്നത്. 250 രൂപയായിരുന്നു ഇവരുടെ ദിവസ വേതനം. അങ്ങനെയിരിക്കെയാണ് യുവതിയോട് നിലവില്‍ കന്യാസ്ത്രീകള്‍ക്ക് ഒപ്പം അറസ്റ്റിലായിരിക്കുന്ന മാണ്ഡവി എന്ന യുവാവ് ഡല്‍ഹിയില്‍ ഒരു ജോലി ശരിയാക്കി തരാമെന്ന് പറയുന്നത്. മാസം പതിനായിരം രൂപ ലഭിക്കുന്ന ജോലിയായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. ഡല്‍ഹിയിലെ ഒരു ആശുപത്രിയിലെ രോഗികളെ പരിപാലിക്കുക, കന്യാസ്ത്രീകള്‍ക്ക് ഭക്ഷണം വെച്ച് നല്‍കുക എന്നിവയാണ് ജോലി. അങ്ങനെയാണ് യുവതി ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെ എത്തുന്നത്. ഇവിടെ വെച്ചാണ് തങ്ങള്‍ ആദ്യമായി ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന കന്യാസ്ത്രീകളെ കാണുന്നതെന്നും യുവതി വ്യക്തമാക്കി.
എന്നാല്‍ ഇതിനിടയില്‍ ബജറംഗ് ദള്‍ പ്രവര്‍ത്തകരും ജിആര്‍പിയും എത്തിചേരുകയായിരുന്നു. ഇതില്‍ ജ്യോതി ശര്‍മ തന്റെ മുഖത്ത് രണ്ട് വട്ടം അടിച്ചിരുന്നുവെന്നും കന്യാസ്ത്രീകള്‍ ഇതിനെ എതിര്‍ത്തിരുന്നുവെന്നും യുവതി വ്യക്തമാക്കി. അവരെ തല്ലരുതെന്നും വേണമെങ്കില്‍ ഞങ്ങളെ തല്ലിക്കോളൂ എന്നുമായിരുന്നു കന്യാസ്ത്രീകള്‍ പറഞ്ഞിരുന്നത് എന്നാണ് യുവതി പറയുന്നത്. അതേ സമയം, ആരോപണങ്ങളെ ജ്യോതി ശര്‍മ തള്ളി. പൊലീസിന് മുന്നില്‍ വെച്ച് എങ്ങനെയാണ് യുവതിയെ തല്ലുന്നത് എന്നായിരുന്നു ജ്യോതി ശര്‍മ്മയുടെ മറുപടി.