ഓപ്പറേഷന് സിന്ദൂറിന് ശേഷം ആദ്യമായി പാക് മന്ത്രി ഇന്ത്യയിലേക്ക്
ഓപ്പറേഷന് സിന്ദൂറിന് ശേഷം ആദ്യമായി പാക് മന്ത്രി ഇന്ത്യയിലേക്ക്
നിലവിലുള്ള കീഴ്വഴക്കങ്ങള് അനുസരിച്ച് എസ്സിഒയിലെ എല്ലാ അംഗരാജ്യങ്ങള്‍ക്കും ഒക്ടോബര്‍ 28ന് ഇന്ത്യ ഔദ്യോഗിക ക്ഷണം അയച്ചിരുന്നു.
നവംബര്‍ 20 മുതല്‍ 22 വരെയാണ് സമ്മേളനം നടക്കുന്നത്.
ഇന്ത്യ - പാകിസ്ഥാന് നയതന്ത്ര ബന്ധം വഷളായി തുടരുന്നതിനിടെ, പാകിസ്ഥാന് കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിക് മസൂദ് മാലിക് ഈ മാസം അവസാനം ഇന്ത്യ സന്ദര്‍ശിക്കും. ദില്ലിയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) 'സിവിലൈസേഷണല്‍ ഡയലോഗ്' സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് അദ്ദേഹം എത്തുന്നത്. നവംബര്‍ 20 മുതല്‍ 22 വരെയാണ് സമ്മേളനം നടക്കുന്നത്. ഓപ്പറേഷന് സിന്ദൂറിന് ശേഷം ഇതാദ്യമായാണ് ഒരു പാകിസ്ഥാന് മന്ത്രി ഇന്ത്യയിലെത്തുന്നത്. നിലവിലുള്ള കീഴ്വഴക്കങ്ങള് അനുസരിച്ച് എസ്സിഒയിലെ എല്ലാ അംഗരാജ്യങ്ങള്‍ക്കും ഒക്ടോബര്‍ 28ന് ഇന്ത്യ ഔദ്യോഗിക ക്ഷണം അയച്ചിരുന്നു.
എസ്സിഒ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് വിവിധ സംസ്കാരങ്ങള്‍ തമ്മിലുള്ള സംവാദങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങള്‍ തമ്മിലുള്ള ബന്ധം വളര്‍ത്തുന്നതിനും പാകിസ്ഥാന് പ്രതിജ്ഞാബദ്ധമാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അടുത്ത വര്‍ഷം ഇസ്ലാമാബാദില് നടക്കാനിരിക്കുന്ന എസ്സിഒ ഉച്ചകോടിക്ക് മുന്നോടിയായി ഇന്ത്യയുമായുള്ള സംഘര്‍ഷം ലഘൂകരിക്കാനുള്ള പാകിസ്ഥാന്റെ നീക്കമായാണ് മുസാദിക് മാലിക്കിന്റെ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.
2025 ഏപ്രില്‍ 22ന് പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര് കൊല്ലപ്പെട്ടതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളായത്. ഇതിന് തിരിച്ചടിയായി മെയ് ഏഴിന് ഇന്ത്യന്‍ സൈന്യം ഓപ്പറേഷന് സിന്ദൂര്‍ ആരംഭിക്കുകയും പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. നാല് ദിവസം നീണ്ടുനിന്ന സൈനിക ഏറ്റുമുട്ടല്‍ മെയ് 10ന് ഇരുരാജ്യങ്ങളുടെയും സൈനിക ഉദ്യോഗസ്ഥര്‍ തമ്മിലുണ്ടാക്കിയ ധാരണയെത്തുടര്‍ന്നാണ് അവസാനിച്ചത്.