ബിജെപി പ്രവര്‍ത്തകര്‍ക്ക് പദവിയേക്കാള്‍ വലുത് രാജ്യവും യുവാക്കളും' ; ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയില്‍ പ്രതികരിച്ച് അമിത് ഷാ

വിദ്യാഭ്യാസ മന്ത്രി എന്ന നിലയിലുള്ള ധര്‍മ്മേന്ദ്ര പ്രധാന്റെ സേവനങ്ങളെയും അമിത് ഷാ പ്രശംസിച്ചു.

 

മോദി സര്‍ക്കാര്‍ രാജ്യത്തെ യുവാക്കളുടെ വികാരങ്ങളെ മാനിക്കുന്നുണ്ടെന്നും ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ ആവശ്യമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അമിത് ഷാ പറഞ്ഞു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനം ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെച്ച സംഭവത്തില്‍ ആദ്യ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി പ്രവര്‍ത്തകര്‍ക്ക് ഏതൊരു പദവിയേക്കാളും ഉപരിയായി രാജ്യവും യുവാക്കളും വിദ്യാര്‍ത്ഥികളുമാണ് പ്രധാനമെന്നും, ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ഈ തത്ത്വമാണ് തെളിയിക്കുന്നതെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. മോദി സര്‍ക്കാര്‍ രാജ്യത്തെ യുവാക്കളുടെ വികാരങ്ങളെ മാനിക്കുന്നുണ്ടെന്നും ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ ആവശ്യമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അമിത് ഷാ പറഞ്ഞു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കുറ്റക്കാരായവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച തീരുമാനങ്ങള്‍ പ്രശംസനീയമാണെന്നും, നീറ്റ് പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണ നീതി ഉറപ്പാക്കാന്‍ ഈ നടപടികള്‍ സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രി എന്ന നിലയിലുള്ള ധര്‍മ്മേന്ദ്ര പ്രധാന്റെ സേവനങ്ങളെയും അമിത് ഷാ പ്രശംസിച്ചു. ദേശീയ വിദ്യാഭ്യാസ നയം കാര്യക്ഷമമായി നടപ്പിലാക്കല്‍, മാതൃഭാഷകളില്‍ പരീക്ഷകള്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍, പിഎം ശ്രീ സ്‌കൂളുകളുടെ വിപുലീകരണം, ഡിജിറ്റല്‍ വിദ്യാഭ്യാസം, നൈപുണ്യ വികസനം, വ്യവസായ-അക്കാദമിക് ഏകോപനം എന്നിവ ശക്തിപ്പെടുത്തുന്നതില്‍ പ്രധാന്‍ വലിയ പങ്കുവഹിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

പരീക്ഷാ സമ്പ്രദായം കൂടുതല്‍ ഉള്‍ക്കൊള്ളുന്നതും വിദ്യാര്‍ത്ഥികേന്ദ്രീകൃതവുമാക്കാന്‍ അദ്ദേഹം ശ്രമിച്ചുവെന്നും ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണത്തിന്റെ തെളിവാണ് ഭരണകാലമെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജിക്ക് പിന്നാലെ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ എന്നിവര്‍ക്കൊപ്പം അമിത് ഷാ പ്രധാന്റെ വസതി സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചു.