ഝാർഖണ്ഡിൽ പാനിപൂരി കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷ ബാധ ; ആറുവയസ്സുകാരൻ മരിച്ചു
റാഞ്ചി: ഝാർഖണ്ഡിലെ ഗിരിധിയിൽ റോഡരികിലെ കടയിൽനിന്ന് പാനിപൂരി കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷ ബാധയേറ്റ് ആറുവയസ്സുകാരൻ മരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് 18 പേരോളം ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. കടുത്ത പനി, വയറുവേദന, ഛർദ്ദി, വയറിളക്കം എന്നിവയെ തുടർന്നാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയത്.
മുഫാസിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബജ്‌തോ ഗ്രാമത്തിൽ ശനിയാഴ്ചയാണ് സംഭവം. സംഭവത്തിൽ പ്രാദേശിക ഭരണകൂടവും ആരോഗ്യ വകുപ്പും അന്വേഷണം ആരംഭിച്ചു. വീടുതോറും പാനിപൂരി വിറ്റിരുന്ന വിൽപ്പനക്കാരനിൽ നിന്നാണ് എല്ലാവരും പാനിപൂരി കഴിച്ചതെന്ന് ഗ്രാമവാസികൾ പറയുന്നു. പാനിപൂരി കഴിച്ച പലർക്കും രാത്രിയിൽ അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങി. ഞായറാഴ്ച രാവിലെയോടെ പനിയും വയറുവേദനയും രൂക്ഷമായി. നില വഷളായതോടെ എല്ലാവരും ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ആറ് വയസ്സുള്ള ആൺകുട്ടി മരിച്ചത്.
പാൽമോ നിവാസിയായ പാനിപൂരി വിൽപ്പനക്കാരൻ ഒളിവിലാണ്. പാനിപൂരി കഴിച്ചതിനെ തുടർന്ന് നിരവധി പേർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായതായും അവർ ചികിത്സയിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 18 പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അവർ കൂട്ടിച്ചേർത്തു.