കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ഭക്ഷണവും പുനരധിവാസവും ഉറപ്പാക്കും ; അനധികൃത കുടിയേറ്റക്കാരെയാണ് ഒഴിപ്പിച്ചത് ; ബുള്‍ഡോസര്‍ രാജില്‍ വിശദീകരണവുമായി സിദ്ധരാമയ്യ

അത് മനുഷ്യര്‍ക്ക് താമസിക്കാന്‍ പറ്റുന്ന സ്ഥലമല്ല. മാലിന്യനിക്ഷേപ കേന്ദ്രമാണ്.

 

ഇവര്‍ പ്രദേശവാസികളല്ല, കുടിയേറ്റ തൊഴിലാളികളാണ്


കര്‍ണാടകയിലെ യെലഹങ്കയില്‍ 300ലധികം വീടുകള്‍ മുന്നറിയിപ്പില്ലാതെ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ഭക്ഷണവും പുനരധിവാസവും ഉറപ്പാക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെയാണ് ഒഴിപ്പിച്ചത്. ഇവര്‍ പ്രദേശവാസികളല്ല, കുടിയേറ്റ തൊഴിലാളികളാണ്. മാനുഷിക പരിഗണനയില്‍ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും സിദ്ധരാമയ്യ എക്‌സില്‍ കുറിച്ചു.

അത് മനുഷ്യര്‍ക്ക് താമസിക്കാന്‍ പറ്റുന്ന സ്ഥലമല്ല. മാലിന്യനിക്ഷേപ കേന്ദ്രമാണ്. നിരവധി പേര്‍ അവിടെ കുടിയേറി പാര്‍ക്കുകയായിരുന്നു. അവിടെനിന്നും മാറിതാമസിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ നോട്ടീസ് നല്‍കിയിട്ടുണ്ട് എന്നാല്‍ അത് അവര്‍ അനുസരിച്ചില്ല. കുടിയൊഴിപ്പിക്കുകയല്ലാതെ ഈ സാഹചര്യത്തില്‍ മറ്റ് മാര്‍ഗമില്ലായിരുന്നുവെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

അതേസമയം വിഷയത്തില്‍ പ്രതികരിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സിദ്ധരാമയ്യ വിമര്‍ശനമുന്നയിച്ചു. പിണറായി വിജയന്റെ വിമര്‍ശനം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതും യഥാര്‍ത്ഥ വസ്തുക്കള്‍ മനസിലാക്കാതെയുമാണെന്നും സിദ്ധരാമയ്യ കുറിച്ചു.
കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാതെയാണ് പിണറായി വിജയന്റെ പ്രതികരണമെന്ന് കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാറും പ്രതികരിച്ചു. വസ്തുതകള്‍ മനസിലാക്കാതെയുള്ള അനാവശ്യ ഇടപെടല്‍ എന്നാണ് പിണറായി വിജയന്റെ പരാമര്‍ശത്തെ ശിവകുമാര്‍ വിശേഷിപ്പിച്ചത്. കേരളത്തിലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ഒരു ഗിമ്മിക്ക് ആണിത്. പ്രദേശം മാലിന്യം തള്ളുന്ന സ്ഥലമാണ്. ഇവിടെ താമസിച്ചിരുന്നവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങളടക്കം ഇത് കാരണം ഉണ്ടായിരുന്നുവെന്നും ശിവകുമാര്‍ പറഞ്ഞു.

ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കര്‍ണാടകയില്‍ കണ്ടതെന്നും എന്തു പറഞ്ഞാണ് കോണ്‍ഗ്രസ് ന്യായീകരിക്കുകയെന്നും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിനെതിരെയാണ് നേതാക്കളുടെ പ്രതികരണം. 'വീടുകള്‍ ബുള്‍ഡോസര്‍ വെച്ചു തകര്‍ത്ത നടപടി അങ്ങേയറ്റം ഞെട്ടലും വേദനയും ഉണ്ടാക്കുന്നതാണ്. കൊടുംതണുപ്പില്‍ ഒരു ജനതയാകെ തെരുവിലിറക്കപ്പെട്ട പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കയാണ്. ഉത്തരേന്ത്യന്‍ മോഡല്‍ ബുള്‍ഡോസര്‍ നീതി ദക്ഷിണേന്ത്യയിലേക്ക് ചുവടുവെച്ചുവരുമ്പോള്‍ അതിന്റെ കാര്‍മികത്വം കര്‍ണാടകയുടെ ഭരണനേതൃത്വത്തിലുള്ള കോണ്‍ഗ്രസിനാണ് എന്നത് ആശ്ചര്യമാണ്' എന്നും പിണറായി വിജയന്‍ കുറിച്ചിരുന്നു.