യാത്രക്കിടെ എൻജിൻ തകരാറിലായി ; ഗോവ-ഡൽഹി ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി
ന്യൂഡൽഹി: യാത്രക്കിടെ എൻജിൻ തകരാറിലായതിനെ തുടർന്ന് ഗോവ-ഡൽഹി ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. ചൊവ്വാഴ്ച രാവിലെ 9.15-ന് ഗോവയിലെ മനോഹർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന ഇൻഡിഗോ 6ഇ 2102 വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കിയത്.വിമാനം ആകാശത്തുവെച്ച് ഒരു എൻജിൻ പ്രവർത്തനരഹിതമായതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് വിമാനത്താവളത്തിൽ കുറച്ചുസമയത്തേക്ക് പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
പറന്നുയർന്നതിന് തൊട്ടുപിന്നാലെ സാങ്കേതിക പ്രശ്നം ശ്രദ്ധയിൽപ്പെട്ടതായും പൈലറ്റുമാർ ഉടൻ തന്നെ വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയതായും എയർലൈൻ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. നിലവിൽ വിമാനം വിശദമായ പരിശോധനകൾക്ക് വിധേയമാക്കുകയാണ്. യാത്രക്കാർക്ക് ബദൽ യാത്രാ സൗകര്യങ്ങളും ഭക്ഷണവും ഒരുക്കിയതായും അവരുടെ സുരക്ഷക്കാണ് മുൻഗണനയെന്നും ഇൻഡിഗോ വ്യക്തമാക്കി.
കഴിഞ്ഞ തിങ്കളാഴ്ച ദമ്മാമിൽനിന്നും ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ബോംബ് ഭീഷണിയെ തുടർന്ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കിയിരുന്നു. വിമാനത്തിലെ ശുചിമുറിക്കുള്ളിൽ ‘ബോംബ്’ എന്ന് എഴുതിയ ടിഷ്യൂ പേപ്പർ ക്യാബിൻ ക്രൂ അംഗം കണ്ടെത്തിയതോടെയാണ് പരിഭ്രാന്തി പരന്നത്.
തുടർന്ന് അഹമ്മദാബാദിൽ അടിയന്തരമായി ഇറക്കിയ വിമാനം സുരക്ഷാ പരിശോധനകൾക്കായി റൺവേയിലെ പ്രത്യേക ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയായിരുന്നു.