അഞ്ചു വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസ് ; അയല്‍വാസിയായ 75 കാരന്‍ അഭിഭാഷകന്‍ അറസ്റ്റില്‍

കുട്ടിയുടെ അമ്മ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും വൈദ്യപരിശോധനയില്‍ ലൈംഗികാതിക്രമം നടന്നതായി തെളിയുകയും ചെയ്തു

 

കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെ പ്രതി പെണ്‍കുട്ടിയെ റൂമിലേക്ക് കൊണ്ടുപോവുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് പരാതി.

അയല്‍വാസിയുടെ അഞ്ച് വയസുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 75 കാരനായ അഭിഭാഷകന്‍ അറസ്റ്റില്‍. മെയ് 3ന് മധ്യപ്രദേശിലെ ഹബീബ്ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അഭിഭാഷകന്റെ പേരക്കുട്ടിയോടൊപ്പം കളിക്കുന്നതിനായി അവരുടെ വീട്ടിലേക്ക് പോയതായിരുന്നു പെണ്‍കുട്ടി. കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെ പ്രതി പെണ്‍കുട്ടിയെ റൂമിലേക്ക് കൊണ്ടുപോവുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് പരാതി. വീട്ടിലെത്തിയ പെണ്‍കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. കുട്ടിയെ പരിശോധിച്ചപ്പോള്‍ സ്വകാര്യഭാഗത്ത് പോറലുകള്‍ കാണുകയും ചെയ്തു.


ഉടന്‍ തന്നെ കുട്ടിയുടെ അമ്മ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും വൈദ്യപരിശോധനയില്‍ ലൈംഗികാതിക്രമം നടന്നതായി തെളിയുകയും ചെയ്തു. തുടര്‍ന്ന് കുടുംബം ഹബീബ്ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കൗണ്‍സിലിംഗിനിടെ താന്‍ 'നാന' എന്ന് വിളിക്കുന്ന അയല്‍വാസി തന്നെയാണ് ഉപദ്രവിച്ചതെന്ന് കുട്ടി വെളിപ്പെടുത്തി. വിവാഹിതയായ മകളോടും പേരക്കുട്ടിയോടുമൊപ്പമാണ് പ്രതി താമസിച്ചിരുന്നത്. ഇയാളുടെ കൊച്ചുമകള്‍ നാന എന്ന് വിളിക്കുന്നത് കേട്ട് ഇരയായ പെണ്‍കുട്ടിയും അഭിഭാഷകനെ നാന എന്നാണ് വിളിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.