'ഈ സാമ്പത്തിക വര്‍ഷം അഞ്ച് വിക്ഷേപണം കൂടി, ഗഗന്‍യാനിലേക്ക് കൂടുതല്‍ അടുത്തു ; ഐഎസ്ആര്‍ഒ ചെയര്‍മാന്‍

മുമ്പത്തെ ജിഎസ്എല്‍വി ദൗത്യം കഴിഞ്ഞ് വെറും 56 ദിവസത്തിനുള്ളില്‍ ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു എന്നത് വലിയൊരു നേട്ടമാണെന്ന് ചെയര്‍മാന്‍ പറഞ്ഞു.

 

മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ഗഗന്‍യാനിലേക്ക് കൂടുതല്‍ അടുത്തു എന്നും അദ്ദേഹം പറഞ്ഞു.

നിര്‍ണായക ഭൗമനിരീക്ഷണ ഉപഗ്രഹമായ എന്‍വിഎസ് 03യുടെ വിക്ഷേപണ വിജയത്തില്‍ പ്രതികരിച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി നാരായണന്‍. ഉപഗ്രഹം നിശ്ചയിച്ചിരുന്ന ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ കൃത്യമായി എത്തിയെന്ന് ചെയര്‍മാന്‍ അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൗത്യത്തില്‍ പങ്കാളിയായ ഐഎസ്ആര്‍ഒ ജീവനക്കാരടക്കമുള്ളവരെ ചെയര്‍മാന്‍ വി നാരായണന്‍ അഭിനന്ദിച്ചു. ഈ സാമ്പത്തിക വര്‍ഷം അഞ്ച് വിക്ഷേപണം കൂടി നടക്കുമെന്നും എന്ന് ചെയര്‍മാന്‍ അറിയിച്ചു. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ഗഗന്‍യാനിലേക്ക് കൂടുതല്‍ അടുത്തു എന്നും അദ്ദേഹം പറഞ്ഞു.


മുമ്പത്തെ ജിഎസ്എല്‍വി ദൗത്യം കഴിഞ്ഞ് വെറും 56 ദിവസത്തിനുള്ളില്‍ ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു എന്നത് വലിയൊരു നേട്ടമാണെന്ന് ചെയര്‍മാന്‍ പറഞ്ഞു. ഈ വിജയത്തോടെ, നാവിക് ശൃംഖല മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ 4 ഉപഗ്രഹങ്ങള്‍ ഇപ്പോള്‍ ലഭ്യമായിരിക്കുകയാണ്. വിദേശ സഹായമില്ലാതെ ഇന്ത്യയ്ക്ക് സ്വന്തമായി നാവിഗേഷന്‍, സമയവിവരങ്ങള്‍ എന്നിവ നല്‍കുന്ന ഒരു പ്രധാന തന്ത്രപ്രധാന ആസ്തിയാണ് നാവിക്. ഇത് സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്കായും ഉപയോഗിക്കുന്നുണ്ട്. ഗഗന്‍, നാവിക് എന്നീ സംവിധാനങ്ങളിലൂടെ ആഗോള നാവിഗേഷന്‍ രംഗത്തേക്ക് ഇന്ത്യ വലിയൊരു സംഭാവനയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.