ആദ്യം നല്ലൊരു അമ്മയാകൂ, എന്നിട്ടാവാം ഐഎഎസും അധ്യാപനവും'; സര്‍വകലാശാല ബിരുദദാന ചടങ്ങില്‍ യുപി ഗവര്‍ണറുടെ ഉപദേശം
എല്ലാവര്‍ക്കും വീട്ടില്‍ ഭക്ഷണമുണ്ടാക്കുന്നത് അറിഞ്ഞിരിക്കണം.
പ്രൊഫണഷല്‍ വിജയങ്ങള്‍ കുടുംബപരമായ ഉത്തരവാദിത്തങ്ങളെ ബാധിക്കരുത്
ഐഎഎസ് ഉദ്യോഗസ്ഥരോ അധ്യാപികമാരോ ആകാന്‍ ആഗ്രഹിക്കുന്നതിന് മുന്‍പ് സ്ത്രീകള്‍ നല്ല അമ്മമാരാകാന്‍ ലക്ഷ്യംവെയ്ക്കണമെന്ന് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍. കാണ്‍പുരിലെ ഛത്രപതി ഷാഹു ജി മഹാരാജ് സര്‍വകലാശാലയിലെ 41-ാം ബിരുദദാന ചടങ്ങില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ഗവര്‍ണറുടെ ഈ പരാമര്‍ശം.
നിങ്ങള്‍ ഐഎഎസ് ഉദ്യോഗസ്ഥരോ അല്ലെങ്കില്‍ അധ്യാപികയോ ആകട്ടെ, പക്ഷേ, അതിന് മുന്‍പ് നിങ്ങള്‍ നല്ലൊരു അമ്മയാകണം. എല്ലാവര്‍ക്കും വീട്ടില്‍ ഭക്ഷണമുണ്ടാക്കുന്നത് അറിഞ്ഞിരിക്കണം. പ്രൊഫണഷല്‍ വിജയങ്ങള്‍ കുടുംബപരമായ ഉത്തരവാദിത്തങ്ങളെ ബാധിക്കരുത്. പെണ്‍കുട്ടികള്‍ വിവാഹം കഴിഞ്ഞാലും പഠനമോ കരിയറോ അവസാനിപ്പിക്കരുതെന്നും അവരുടെ അറിവും നൈപുണ്യവും രാഷ്ട്രനിര്‍മാണത്തിനായി ഉപയോഗിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
വിദ്യാഭ്യാസം കേവലം അക്കാദമിക വിജയങ്ങളില്‍ മാത്രം ഒതുങ്ങരുത്. സമൂഹത്തില്‍ ഡിഗ്രിയുള്ളവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്, അതുപോലെ ഗാര്‍ഹിക പീഡനവും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും വര്‍ധിക്കുന്നു. അതിനാല്‍ അക്കാദമികമായ അറിവുകളെക്കാള്‍ പ്രധാന്യം ധാര്‍മികമൂല്യങ്ങള്‍ക്കാണ്. കോളേജുകളില്‍ ചേര്‍ന്നതിന് ശേഷവും കുട്ടികള്‍ എന്താണ് ചെയ്യുന്നതെന്ന് മാതാപിതാക്കള്‍ അറിഞ്ഞിരിക്കണമെന്നും ഇതിലുണ്ടാകുന്ന ചെറിയ വീഴ്ച പോലും അവരുടെ ഭാവിയെ ബാധിക്കുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ലഹരിമരുന്ന് മാഫിയകളെക്കുറിച്ചും ?ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി. സര്‍വകലാശാല ഹോസ്റ്റലുകളിലടക്കം ലഹരിമരുന്ന് ഉപയോഗം നടക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. ഇത് നിരീക്ഷിക്കാനായി ജന്‍ ഭവന്റെ(പഴയ രാജ്ഭവന്‍) നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു. ഭക്ഷണവിതരണത്തിന്റെ മറവില്‍ ഭക്ഷണപൊതികളിലടക്കം മയക്കുമരുന്ന് കടത്തുന്നതായാണ് ഇതില്‍ കണ്ടെത്തിയതെന്നും ഗവര്‍ണര്‍ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.