ഡൽഹിയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു ; പത്തുവയസുകാരന് ദാരുണാന്ത്യം 

 ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഡൽഹിയിൽ പത്തുവയസുകാരൻ ദാരുണമായി മരിച്ചു. നോർത്ത് വെസ്റ്റ് ഡൽഹിയിലെ നരേലയിൽ ഞായറാഴ്ച രാത്രി 9.45ഓടെയായിരുന്നു സംഭവം. വീടിന് മുന്നിൽവെച്ച് കൈയിൽ പിടിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

 

 ന്യൂഡൽഹി: ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഡൽഹിയിൽ പത്തുവയസുകാരൻ ദാരുണമായി മരിച്ചു. നോർത്ത് വെസ്റ്റ് ഡൽഹിയിലെ നരേലയിൽ ഞായറാഴ്ച രാത്രി 9.45ഓടെയായിരുന്നു സംഭവം. വീടിന് മുന്നിൽവെച്ച് കൈയിൽ പിടിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

പൂത്തിരി വിഭാഗത്തിൽപ്പെട്ട ‘അനാർ’ പടക്കം കൈയിൽ പിടിച്ച് കത്തിക്കുന്നതിനിടെ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ കുട്ടിയുടെ നെഞ്ചിന് ഗുരുതരമായി പരിക്കേറ്റതായി ഡൽഹി പൊലീസ് അറിയിച്ചു. ഉടൻതന്നെ കുട്ടിയെ നരേലയിലെ സത്യവാദി രാജ ഹരീഷ് ചന്ദ്ര ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി 10.50ഓടെയാണ് കുട്ടിയെ മരിച്ച നിലയിൽ എത്തിച്ച വിവരം ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചത്.

കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. പടക്കത്തിന്റെ സ്വഭാവവും പൊട്ടിത്തെറിയിലേക്ക് നയിച്ച സാഹചര്യങ്ങളും കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

ആഘോഷവേളകളിൽ കുട്ടികൾ പടക്കങ്ങൾ ഉപയോഗിക്കുമ്പോൾ മുതിർന്നവരുടെ കർശന മേൽനോട്ടവും മതിയായ സുരക്ഷയും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽചൂണ്ടുന്നതാണ് ഈ ദാരുണ സംഭവം.