മാളവ്യ ഹോട്ടലിലുണ്ടായ തീപ്പിടിത്തം ; മരിച്ച വിദേശികളുടെ വിവരങ്ങൾ ശേഖരിക്കുന്നു, എംബസികളുമായി ബന്ധപ്പെട്ടെന്ന് എസ്. ജയ്ശങ്കർ
മാളവ്യ നഗറിലെ ഹൗസ് റാണിയിലുള്ള ഹോട്ടലിലുണ്ടായ ദാരുണമായ തീപ്പിടിത്തത്തിൽ മരിച്ച വിദേശികളുടെ രാജ്യങ്ങളിലെ എംബസികളുമായി ചേർന്ന് വിദേശകാര്യ മന്ത്രാലയം നടപടികൾ സ്വീകരിച്ചു വരികയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അറിയിച്ചു.
ഡൽഹി : മാളവ്യ നഗറിലെ ഹൗസ് റാണിയിലുള്ള ഹോട്ടലിലുണ്ടായ ദാരുണമായ തീപ്പിടിത്തത്തിൽ മരിച്ച വിദേശികളുടെ രാജ്യങ്ങളിലെ എംബസികളുമായി ചേർന്ന് വിദേശകാര്യ മന്ത്രാലയം നടപടികൾ സ്വീകരിച്ചു വരികയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അറിയിച്ചു. അപകടത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ എസ്. ജയ്ശങ്കർ വിവിധ എംബസികളുമായി ബന്ധപ്പെടുന്നത് സംബന്ധിച്ച വിവരം പങ്കുവെച്ചു.
രാവിലെ 8:30-ഓടെയാണ് മാളവ്യ നഗറിലെ ‘ഫ്ലറിഷ് സ്റ്റേ ബി ആൻഡ് ബി’ എന്ന ഹോട്ടലിൽ തീപ്പിടിത്തമുണ്ടായത്. മരിച്ചവരിൽ ഭൂരിഭാഗവും മധ്യേഷ്യയിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ചികിത്സയ്ക്കായി എത്തിയവരുടെ ബന്ധുക്കളാണെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പരിക്കേറ്റവരിൽ അഞ്ച് ബംഗ്ലാദേശ് സ്വദേശികളും ഉൾപ്പെടുന്നു. ഇവർ സാകേതിലെ മാക്സ് ആശുപത്രിയിലും സഫ്ദർജംഗ് ആശുപത്രിയിലുമായി ചികിത്സയിലാണ്.
അഞ്ച് നിലകളുള്ള കെട്ടിടത്തിൽ ആവശ്യത്തിന് സുരക്ഷാ മാനദണ്ഡങ്ങളോ എക്സിറ്റ് വഴികളോ ഉണ്ടായിരുന്നില്ലെന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കുറ്റകരമായ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഡൽഹി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. കെട്ടിടത്തിന് അഗ്‌നിശമന സുരക്ഷാ അനുമതി ഉണ്ടായിരുന്നില്ലെന്നും സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.