ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്‌നിബാധയ്ക്ക് കാരണമായത് ക്ലബ്ബിനുള്ളിലെ കരിമരുന്ന് പ്രയോഗമെന്ന് റിപ്പോര്‍ട്ട്

25 പേരാണ് അഗ്‌നിബാധയില്‍ കൊല്ലപ്പെട്ടത്.

 

നിശാക്ലബ്ബിലെ ഇടുങ്ങിയ വാതിലുകള്‍ ആളുകള്‍ക്ക് പുറത്ത് കടക്കുന്നതിലും പ്രയാസം സൃഷ്ടിച്ചു

ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്‌നിബാധയ്ക്ക് കാരണമായത് ക്ലബ്ബിനുള്ളിലെ കരിമരുന്ന് പ്രയോഗമെന്ന് റിപ്പോര്‍ട്ട്. ബാഗയിലെ ബിര്‍ച്ച് ബൈ റോമിയോ ലൈന്‍ എന്ന നൈറ്റ് ക്ലബ്ബിലുണ്ടായ അഗ്‌നിബാധയ്ക്ക് കാരണമായത് കരിമരുന്ന് പ്രയോഗമെന്നാണ് ഗോവ മുഖ്യമന്ത്രി പ്രമോദ സാവന്തിന് ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

നിശാക്ലബ്ബിലെ ഇടുങ്ങിയ വാതിലുകള്‍ ആളുകള്‍ക്ക് പുറത്ത് കടക്കുന്നതിലും പ്രയാസം സൃഷ്ടിച്ചു. സംഭവത്തിന് കാരണമായത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം എന്ന വാദം മുഖ്യമന്ത്രി തള്ളി. നേരത്തെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം എന്നായിരുന്നു വന്ന വിവരങ്ങള്‍. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായും മുഖ്യമന്ത്രി വിശദമാക്കി. നിശാക്ലബ്ബിലെ ചീഫ് ജനറല്‍ മാനേജറും മൂന്ന് ജീവനക്കാരും അടക്കം നാല് പേര്‍ അറസ്റ്റിലായതായാണ് മുഖ്യമന്ത്രി വിശദമാക്കിയത്. 

25 പേരാണ് അഗ്‌നിബാധയില്‍ കൊല്ലപ്പെട്ടത്. ഏഴ് പേര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. നിശാ ക്ലബ്ബിന്റെ ഉടമകളായ ഗൗരവ് ലൂഥറ, സൗരഭ് ലൂഥറ എന്നിവര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാനേജര്‍മാരും പരിപാടി ഒരുക്കിയവര്‍ക്കെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.