കടുത്ത സാമ്പത്തിക പ്രതിസന്ധി ; സ്പൈസ് ജെറ്റിന്റെ പ്രവർത്തനം താളംതെറ്റുന്നു
ഡൽഹി : കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന്റെ പ്രവർത്തനം പൂർണ്ണമായും താളംതെറ്റുന്നു. നിലവിൽ കമ്പനിയുടെ ആറ് വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നത്. പ്രതിദിനം കഷ്ടിച്ച് 20-ലധികം സർവീസുകൾ മാത്രമാണ് ഇവ നടത്തുന്നത്. രണ്ട് ക്യു400 ടർബോപ്രോപ്പ് വിമാനങ്ങളും നാല് ബോയിങ് 737 എൻജി വിമാനങ്ങളുമാണ് നിലവിൽ പ്രവർത്തനക്ഷമമായിട്ടുള്ളത്. ഡൽഹി-മുംബൈ, ഡൽഹി-ശ്രീനഗർ, ഡൽഹി-ധരംശാല, പട്ന-ദർഭംഗ റൂട്ടുകളിലാണ് പ്രധാനമായും സർവീസുകൾ നടക്കുന്നത്.
സർവീസുകൾ നിരന്തരം മുടങ്ങുന്നതിനെതിരെ യാത്രക്കാരുടെ ഭാഗത്തുനിന്ന് വൻ പ്രതിഷേധമാണ് ഉയരുന്നത്. നവംബർ 22 വരെയുള്ള കണക്കുകൾ പ്രകാരം ഈ വർഷം 8,671 പരാതികളാണ് സ്പൈസ് ജെറ്റിനെതിരെ വ്യോമയാന മന്ത്രാലയത്തിന്റെ എയർസേവ പോർട്ടലിൽ ലഭിച്ചത്. ഇതിൽ 7,674 പരാതികളും നവംബർ 19-ന് ഒറ്റദിവസം രേഖപ്പെടുത്തിയതാണ്. തുടർച്ചയായ സർവീസ് റദ്ദാക്കലുകൾ, ചട്ടലംഘനങ്ങൾ, ടിക്കറ്റ് തുക തിരികെ നൽകുന്നതിലെ കാലതാമസം എന്നിവ ചൂണ്ടിക്കാട്ടി നവംബർ 17-ന് ഡിജിസിഎ കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെ സ്പൈസ് ജെറ്റ് പ്രൊമോട്ടർ അജയ് സിങ് കഴിഞ്ഞ ദിവസം വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി എയർലൈനിന്റെ നിലവിലെ സാഹചര്യം വിശദീകരിച്ചു.
നിലവിൽ ‘കാഷ് ആൻഡ് ക്യാരി’ അടിസ്ഥാനത്തിൽ വിമാനത്താവള ഓപ്പറേറ്റർമാർക്കും ഇന്ധന കമ്പനികൾക്കും അപ്പപ്പോൾ പണം നൽകിയാണ് കമ്പനി സർവീസുകൾ മുന്നോട്ടുകൊണ്ടുപോകുന്നത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിമാനക്കമ്പനികളിലെ സാമ്പത്തിക ഞെരുക്കം വിമാന സുരക്ഷയെ ബാധിക്കുമോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വ്യോമയാന മന്ത്രാലയത്തിന് പരാതി ലഭിച്ചിട്ടുണ്ട്. ശമ്പളം ലഭിക്കുന്നതിലുണ്ടാകുന്ന കാലതാമസം പൈലറ്റുമാർക്കും ക്യാബിൻ ക്രൂവിനും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും ചൂണ്ടിക്കാട്ടുന്നു.