സാമ്പത്തിക പ്രതിസന്ധി ; മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും ശമ്പളം വെട്ടിക്കുറച്ച് ഹിമാചൽ സർക്കാർ

 സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ ഹിമാചൽ പ്രദേശ് സർക്കാർ അസാധാരണമായ തീരുമാനങ്ങൾ കൈക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി, മന്ത്രിമാർ, എംഎൽഎമാർ എന്നിവരടക്കമുള്ള ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ശമ്പളം താൽക്കാലികമായി തടഞ്ഞുവെക്കാനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.

 

 സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ ഹിമാചൽ പ്രദേശ് സർക്കാർ അസാധാരണമായ തീരുമാനങ്ങൾ കൈക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി, മന്ത്രിമാർ, എംഎൽഎമാർ എന്നിവരടക്കമുള്ള ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ശമ്പളം താൽക്കാലികമായി തടഞ്ഞുവെക്കാനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. നിലവിലെ സാഹചര്യത്തെ അസാധാരണമായ സാമ്പത്തിക വെല്ലുവിളി എന്നാണ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു വിശേഷിപ്പിച്ചത്. അടുത്ത ആറു മാസത്തേക്കായിരിക്കും ഈ നിയന്ത്രണം നടപ്പിലാക്കുക.

ശമ്പളം വെട്ടിക്കുറയ്ക്കുന്നതിൽ ഏറ്റവും വലിയ വിഹിതം മുഖ്യമന്ത്രിയുടേതാണ്. അദ്ദേഹത്തിന്റെ ശമ്പളത്തിൽ 50 ശതമാനമാണ് കുറവ് വരുത്തുന്നത്. ഉപമുഖ്യമന്ത്രി, മന്ത്രിമാർ, ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയവരുടെ ശമ്പളത്തിൽ 30 ശതമാനവും എംഎൽഎമാരുടെയും മറ്റ് വകുപ്പ് മേധാവികളുടെയും ശമ്പളത്തിൽ 20 ശതമാനവും കുറവുണ്ടാകും. ഏപ്രിൽ മാസത്തെ ശമ്പളം മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും. കൂടാതെ പൊതുമേഖലാ സ്ഥാപനങ്ങളോടും സർവ്വകലാശാലകളോടും സമാനമായ രീതിയിൽ ചെലവ് ചുരുക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

കേന്ദ്രത്തിൽ നിന്നുള്ള റവന്യൂ ഡെഫിസിറ്റ് ഗ്രാൻറ് നിർത്തലാക്കിയതാണ് സംസ്ഥാനത്തെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന് സർക്കാർ വ്യക്തമാക്കുന്നു. പ്രതിവർഷം ഏകദേശം 8,000 കോടി രൂപയുടെ കുറവാണ് ഇതുവഴി സംസ്ഥാന ഖജനാവിനുണ്ടാകുന്നത്. എന്നാൽ ഇതൊരു സ്ഥിരമായ ശമ്പളം പിടിക്കലല്ലെന്നും, സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് തടഞ്ഞുവെച്ച തുക ജീവനക്കാർക്ക് തിരികെ നൽകുമെന്നും സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. വായ്പാ തിരിച്ചടവുള്ള ഉദ്യോഗസ്ഥർക്ക് ആവശ്യമായ ഇളവുകൾ നൽകാനും നടപടി സ്വീകരിക്കും.