നിരോധിത പാന്‍ മസാലകളുടെ പരസ്യത്തില്‍ അഭിനയിച്ച സംഭവത്തില്‍ തനിക്കെതിരെ നടപടിയെടുത്ത എഫ്ഡിഎ കമ്മീഷണര്‍ക്കെതിരെ കോടതിയെ സമീപിച്ച് അജയ് ദേവ്ഗണ്‍
പരസ്യം നല്‍കിയ നിര്‍മ്മാതാക്കള്‍ക്കോ കമ്പനിക്കോ എതിരെ നടപടിയെടുക്കാതെ, അതില്‍ അഭിനയിച്ച താരത്തിന് മാത്രമായി നോട്ടീസ് നല്‍കി നടപടി സ്വീകരിച്ചത് തെറ്റാണെന്ന് അജയ് ദേവ്ഗണ്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
എഫ്.ഡി.എ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് താരം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
നിരോധിത പാന്‍ മസാലകളുടെ പരസ്യത്തില്‍ അഭിനയിച്ച സംഭവത്തില്‍ തനിക്കെതിരെ നടപടിയെടുത്ത മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (FDA) കമ്മീഷണര്‍ തുക്കാറാം മുണ്ടെയ്‌ക്കെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ച് ബോളിവുഡ് താരം അജയ് ദേവ്ഗണ്‍. എഫ്.ഡി.എ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് താരം കോടതിയില്‍ ഹര്‍ജി നല്‍കിയത്. പരസ്യം നല്‍കിയ നിര്‍മ്മാതാക്കള്‍ക്കോ കമ്പനിക്കോ എതിരെ നടപടിയെടുക്കാതെ, അതില്‍ അഭിനയിച്ച താരത്തിന് മാത്രമായി നോട്ടീസ് നല്‍കി നടപടി സ്വീകരിച്ചത് തെറ്റാണെന്ന് അജയ് ദേവ്ഗണ്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് പൂര്‍ണ്ണമായി നിരോധിച്ചിട്ടുള്ള പാന്‍ മസാലയെ 'വിമല്‍ ഏലച്ചി' എന്ന പേരില്‍ പരോക്ഷമായി (Surrogate advertising) പ്രചരിപ്പിച്ചുവെന്ന് എഫ്.ഡി.എ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ഈ സംഭവത്തില്‍ അജയ് ദേവ്ഗണ് പുറമെ പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരുഖ് ഖാന്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്കും എഫ്.ഡി.എ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.
മഹാരാഷ്ട്രയില്‍ പുകയിലയോ നിക്കോട്ടിനോ അടങ്ങിയ ഗുട്ക, പാന്‍ മസാല എന്നിവയ്ക്കെതിരെ എഫ്.ഡി.എ നടപടികള്‍ കടുപ്പിക്കുന്നതിനിടെയാണ് മുന്‍നിര താരങ്ങളും നിയമനടപടികളുടെ നിരീക്ഷണത്തില്‍ വന്നത്. നിരോധിത ഉല്‍പ്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്ന സംഘടിത ശൃംഖലകള്‍ക്കെതിരെ പൊലീസുമായി ഏകോപിപ്പിച്ച് മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം (MCOCA) ചുമത്താനും എഫ്.ഡി.എ ലക്ഷ്യമിടുന്നുണ്ട്. ഇതിനിടയിലാണ് എഫ്.ഡി.എ നോട്ടീസിനെ ചോദ്യം ചെയ്ത് അജയ് ദേവ്ഗണ്‍ നിയമപോരാട്ടത്തിനൊരുങ്ങുന്നത്.