പ്രണയിച്ചതിന്റെ പേരില്‍ സ്വന്തം മകളെ അതിക്രൂരമായി കൊലപ്പെടുത്തി കുഴിച്ചുമൂടി പിതാവ് ; വീണ്ടും ദുരഭിമാനക്കൊല

അമ്മയുടെ ബന്ധത്തില്‍പ്പെട്ട ഒരു യുവാവിനെ 17 കാരിയായ മേഘ്‌ന പ്രണയിച്ചിരുന്നു.

 

ഒരു മാസത്തിലേറെയായി കാണാനില്ലാതിരുന്ന മേഘ്‌ന എന്ന 17കാരി കൊല്ലപ്പെട്ടതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു

ബംഗളൂരുവില്‍ ഞെട്ടിക്കുന്ന ദുരഭിമാനക്കൊല. ബന്ധുവായ യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ സ്വന്തം മകളെ അതിക്രൂരമായി കൊലപ്പെടുത്തി കുഴിച്ചുമൂടിയ ശേഷം പൊലീസില്‍ കള്ളപ്പരാതി നല്‍കിയ പിതാവ്.പൊലീസ് അന്വേഷണം ഊര്‍ജ്ജിതമായതോടെ നാടുവിട്ടയാള്‍ പിടിയില്‍
ഏപ്രില്‍ 16 മുതല്‍ മകളെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസാണ് ഒടുവില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍ നടത്തിയത്. ഒരു മാസത്തിലേറെയായി കാണാനില്ലാതിരുന്ന മേഘ്‌ന എന്ന 17കാരി കൊല്ലപ്പെട്ടതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പിന്നാലെ പിതാവ് തിമ്മരായപ്പയെ തുംകൂരു പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ ബന്ധത്തില്‍പ്പെട്ട ഒരു യുവാവിനെ 17 കാരിയായ മേഘ്‌ന പ്രണയിച്ചിരുന്നു.

18 വയസ്സ് തികഞ്ഞാല്‍ ഈ വിവാഹം നടത്താന്‍ യുവാവിന്റെ വീട്ടുകാര്‍ തയ്യാറുമായിരുന്നു. ഈ തീരുമാനത്തോടെ തിമ്മരായപ്പയ്ക്ക് യോജിപ്പുണ്ടായിരുന്നില്ല. ഇതിനെ ചൊല്ലി മകളുമായി നിരന്തരം വഴക്കിട്ടിരുന്ന ഇയാള്‍ ഏപ്രില്‍ 16ന് മേഘ്‌നയെ കിണറ്റിനകത്തേക്ക് തള്ളിയിട്ടു വലിയ പാറക്കഷണം മുകളിലേക്ക് ഇടുകയായിരുന്നു. മകള്‍ മരിച്ചതോടെ മൃതദേഹം പുറത്തെടുത്ത് ഇയാള്‍ വീടിനു സമീപത്ത് കുഴിച്ചിടുകയും ചെയ്തു.

വൈകിട്ട് ജോലി കഴിഞ്ഞ് എത്തിയ അമ്മ മേഘ്‌നയെ തിരക്കിയെങ്കിലും കണ്ടെത്താനായില്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലും ആയിരുന്നു. പിന്നാലെ ഇവര്‍ കല്ലന്‍പേല്ല പോലീസ് സ്റ്റേഷനില്‍ എത്തുകയും പരാതി നല്‍കുകയും ആയിരുന്നു. ഈ സമയമെല്ലാം തിമ്മരായപ്പയും കൂടെ ഉണ്ടായിരുന്നു. എന്നാല്‍ മേഘ്‌നയ്ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ ഇയാള്‍ ഒളിവില്‍ പോയി ധര്‍മ്മസ്ഥലയിലും തിരുപ്പതിയിലും എല്ലാം ഒളിവില്‍ കഴിഞ്ഞ ഇയാളെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ഇയാള്‍ കാണിച്ചു നല്‍കിയ സ്ഥലത്ത് കുഴിയെടുത്ത പോലീസ് തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. തിമ്മരായപ്പയെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.