66 പൈസ തിരികെ നൽകിയില്ല; ബാങ്കിനെതിരെ നിയമനടപടിക്ക1രുങ്ങി കർഷകൻ 

66 പൈസ തിരികെനൽകിയില്ലെന്നാരോപിച്ച്  ബാങ്കിനെതിരേ നിയമനടപടിക്കൊരുങ്ങി കർഷകൻ. കർണാടകത്തിലെ ഹാസൻ ജില്ലയിലെ ചൊക്കണ്ണ ഗൗഡയാണ് ബാങ്കിനെ പാഠംപഠിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്.
 

ബെംഗളൂരു: 66 പൈസ തിരികെനൽകിയില്ലെന്നാരോപിച്ച്  ബാങ്കിനെതിരേ നിയമനടപടിക്കൊരുങ്ങി കർഷകൻ. കർണാടകത്തിലെ ഹാസൻ ജില്ലയിലെ ചൊക്കണ്ണ ഗൗഡയാണ് ബാങ്കിനെ പാഠംപഠിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്.


മുൻപ് എടുത്തിരുന്ന വായ്പയിൽ തിരിച്ചടയ്ക്കാനുണ്ടായിരുന്ന 9.34 രൂപയ്ക്കുപകരം 10 രൂപ നൽകിയെങ്കിലും ബാക്കി 66 പൈസ തിരികെ നൽകിയില്ലെന്നാണ് ബാങ്കിനെതിരേയുള്ള ഗൗഡയുടെ ആരോപണം.മുൻപ് 50,000 രൂപയാണ് ഗൗഡ കാനറബാങ്ക് ശാഖയിൽനിന്ന് വായ്പയായി എടുത്തിരുന്നത്. വായ്പത്തുക മുഴുവൻ തിരിച്ചടയ്ക്കുകയും ചെയ്തിരുന്നതായി ഗൗഡ പറഞ്ഞു. കഴിഞ്ഞിടെ പുതിയ വായ്പയ്ക്കായി ബാങ്കിനെ സമീപിച്ചു.

പഴയ വായ്പയിൽ 9.34 രൂപ ബാക്കിയുണ്ടെന്നും ഇത് ഉടൻ അടച്ചില്ലെങ്കിൽ അപേക്ഷ തള്ളുമെന്നും ബാങ്കിൽനിന്ന് അറിയിച്ചു. ഇതിൽ ക്ഷുഭിതനായ ചൊക്കണ്ണ ഗൗഡ ബാങ്കിലെത്തി പണം നൽകുന്നതിനുള്ള പേ ഇൻ സ്ലിപ്പിൽ 9.34 രൂപ എന്ന് എഴുതിയതിനുശേഷം 10 രൂപ കൗണ്ടറിൽ നൽകി. ബാക്കിയുള്ള 66 പൈസ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ തർക്കമാകുകയായിരുന്നു.

20 വർഷമായി ഇതേ ബാങ്കിന്റെ ഉപയോക്താവായ തന്നോട് ജീവനക്കാർ വളരെ മോശമായാണ് പെരുമാറിയതെന്ന് ഗൗഡ ആരോപിച്ചു. വെറും 9.34 രൂപയുടെ പേരിൽ വായ്പ നൽകില്ലെന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. അതിനാലാണ് ബാങ്കും കൃത്യമായിത്തന്നെ ബാക്കി നൽകണമെന്ന് നിർബന്ധം പിടിച്ചത്. തന്റെ പോരാട്ടം പണത്തിനുവേണ്ടിയല്ല, നീതിക്കു വേണ്ടിയാണ്. കോടികൾ വായ്പയെടുക്കുന്ന സമ്പന്നർ പണം തിരിച്ചടയ്ക്കാതെ വന്നാലും നടപടിയെടുക്കാത്ത ബാങ്കുകൾ നിസ്സാരതുകയുടെ പേരിൽപ്പോലും സാധാരണക്കാരെ വേട്ടയാടുന്നെന്നും ഗൗഡ ആരോപിച്ചു.